 
റാന്നി : വേനൽ കടുത്തത്തോടെ പമ്പാനദി വറ്റിവരണ്ടു. കഴിഞ്ഞ ദിവസം പെയ്ത വേനൽ മഴയിൽ അൽപം നീരൊഴുക്ക് വർദ്ധിച്ചിരുന്നെങ്കിലും വീണ്ടും പഴയനിലയിലായി. വീടുകളിലേക്കും കൃഷി ആവശ്യങ്ങൾക്കും നിരവധിപേരാണ് പമ്പയിലെ വെള്ളത്തെ ആശ്രയിക്കുന്നത്. പുഴയുടെ തീരത്ത് താമസിക്കുന്നവർ വേനൽ കടക്കുന്നതോടെ മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പു ചെയ്ത് ഉപയോഗിക്കാറുണ്ട്. എന്നാൽ ഇക്കൊല്ലം നീരൊഴുക്ക് കുറഞ്ഞതോടെ പൈപ്പ് മുങ്ങിക്കിടക്കാൻ വെള്ളമില്ലാത്തതിനാൽ പലരും ചാക്കുകളിൽ മണ്ണ് നിറച്ച് ചെറു ചിറകൾ കെട്ടി വെള്ളം കെട്ടിനിറുത്തുകയാണ്. കിണറ്റിൽ വെള്ളം ഇല്ലാതായതോടെ നൂറുകണക്കിന് കുടുംബങ്ങളാണ് ബുദ്ധിമുട്ട് നേരിടുന്നത്.
ഇടമുറി,വലിയപതാൽ മേഖലകളിലാണ് രൂക്ഷമായ കുടിവെള്ളക്ഷാമം. ഈ മേഖലയിലുള്ളവർ വാഹനങ്ങൾ വാടകയ്ക്കെടുത്ത് നദിയിൽ നിന്ന് വെള്ളം ശേഖരിച്ചുകൊണ്ടുപോവുകയാണ്. നദിയെ മലിനപ്പെടുത്തുന്ന തരത്തിലുള്ള മീൻ പിടിത്തവും പ്രതിസന്ധിസൃഷ്ടിക്കുന്നു. രാസ വസ്തുക്കൾ ഉൾപ്പടെ കലക്കി മീൻ പിടിക്കുന്ന സംഘങ്ങൾ ധാരാളമാണ്. ഇതുമൂലം വെള്ളം ഉപയോഗിക്കാനാവുന്നില്ല. പരിഹാരം കാണണമെന്ന് നാട്ടാകാർ ആവശ്യപ്പെട്ടു.