k-rail-1
പദ്ധതിക്കെതിരെ സമരസമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധിച്ചപ്പോൾ

ചെങ്ങന്നൂർ: ശക്തമായ പ്രതിഷേധത്തിനിടെ മുളക്കുഴ വില്ലേജിൽ പിരളശേരി ഊരുക്കടവിൽ കെ-റെയിൽ, സിൽവർലൈൻ പദ്ധതിക്കുള്ള അടയാള കല്ലുകൾ സ്ഥാപിച്ചു. പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റുചെയ്തു മാറ്റിയശേഷമാണ് കല്ലുകൾ സ്ഥാപിച്ചത്. മുളക്കുഴ പഞ്ചായത്തംഗം തോമസ് എബ്രഹാം, കെ-റെയിൽ വിരുദ്ധ സമരസമിതി ജില്ലാ കൺവീനർ മധു ചെങ്ങന്നൂർ, കോൺഗ്രസ് മുളക്കുഴ മണ്ഡലം പ്രസിഡന്റ് സജികുമാർ എന്നിവരെയടക്കമാണ് ചെങ്ങന്നൂർ ഇൻസ്‌പെക്ടർ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. 18 പേർക്കെതിരെ കേസെടുത്തു. സെൻട്രൽ മാർക്കിങ് മാത്രമാണ് നടത്തിയിരിക്കുന്നത്. 200 മീറ്റർ വീതിയിൽ സ്ഥലമേറ്റെടുക്കേണ്ടി വരും. ഇതിന്റെ നടപടികളും ഉടൻനടത്തുമെന്ന് അധികൃതർ പറഞ്ഞു. . സ്ത്രീകളെ അറസ്റ്റു ചെയ്തു മാറ്റാൻ ശ്രമമുണ്ടായെങ്കിലും ശക്തമായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് പിന്മാറി. സമരം വരും ദിവസങ്ങളിൽ ശക്തിപ്പെടുത്തുമെന്ന് കെ-റെയിൽ വിരുദ്ധ ജനകീയ സമിതി അറിയിച്ചു. പിന്തുണയുമായി പ്രാദേശിക കോൺഗ്രസ് നേതൃത്വവും രംഗത്തെത്തിയിരുന്നു. ബുധനാഴ്ചയും മുളക്കുഴ വില്ലേജിൽ കല്ലിടാൻ സംഘമെത്തിയിരുന്നു. സിഗ്നൽ കിട്ടാത്തതും പാടശേഖരത്തെ ചെളിയും വെള്ളക്കെട്ടും അന്ന് തടസമായി. തുടർന്നാണ് വ്യാഴാഴ്ച നടപടികൾ പുനരാരംഭിച്ചത്. ആലപ്പുഴ - പത്തനംതിട്ട ജില്ലകളുടെ അതിർത്തി പ്രദേശത്താണ് കല്ലിടൽ നടത്തിയത്.

പ്രതിഷേധിക്കാൻ വീട്ടമ്മമാരും

കെ-റെയിൽ കല്ലിടലിനെതിരെ ശക്തമായ പ്രതിഷേധമാണ് മുളക്കുഴയിലെ വീട്ടമ്മമാരടക്കം ഉയർത്തിയത്. അറസ്റ്റുചെയ്തു മാറ്റാനുള്ള നീക്കത്തെ സ്ത്രീകൾ ഒന്നിച്ചുനിന്നു പ്രതിരോധിച്ചു. മുന്നറിയിപ്പോ, നോട്ടീസോ നൽകാതെയാണ് ഉദ്യോഗസ്ഥ സംഘം വീട്ടുപരിസരത്തെത്തി കല്ലുകൾ സ്ഥാപിക്കാൻ ശ്രമിച്ചതെന്ന് സ്ത്രീകൾ ആരോപിച്ചു. . കയറിക്കിടക്കാനുള്ള കൂരയും നഷ്ടപ്പെട്ടാൽ പിന്നെ മക്കളുമായി എങ്ങോട്ടു പോകുമെന്ന അമ്മമാരുടെ ചോദ്യത്തിന് പൊലീസിനും ഉദ്യോഗസ്ഥർക്കും വ്യക്തമായ ഉത്തരമുണ്ടായില്ല. നടപടികൾ അവസാനിപ്പിക്കണമെന്ന് സമരസമിതി നേതാവ് സിന്ധു ജെയിംസ് ആവശ്യപ്പെട്ടു.