കോന്നി: തണ്ണിത്തോട് പഞ്ചായത്തിലെ കാട്ടാനശല്യം രൂക്ഷമായ മൂർത്തിമണ്ണിൽ സൗരോർജവേലികൾ സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു. പ്രദേശത്തെ കൃഷികളും കാവൽപുരകളും കാട്ടാനകൾ നശിപ്പിക്കുന്നത് പതിവാകുകയാണ്. വനമേഖലയോട് ചേർന്ന ജനവാസമേഖലകളിൽ കാട്ടാനശല്യം രൂക്ഷമാകുമ്പോൾ പ്രദേശത്തെ പല കുടുംബങ്ങളും ഭീതിയോടെയാണ് കഴിയുന്നത്. കാട്ടാന നശിപ്പിച്ച ഇവിടുത്തെ പല സ്ഥലങ്ങളും തരിശു പ്രദേശങ്ങളായി മാറി. പ്രദേശത്തു വർഷങ്ങളായി കാട്ടാന ശല്യം തുടരുമ്പോളും വനം വകുപ്പ് നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് കർഷകരുടെ പരാതി. വനാതിർത്തികളിലെ പ്രദേശങ്ങളിലെ സൗരോർജ വേലികൾ പ്രവർത്തന ക്ഷമമല്ല. ഇവ അറ്റകുറ്റപ്പണികൾ നടത്തിയും, വേലികൾ കടന്നുപോകുന്ന പ്രദേശങ്ങളിലെ അടികാടുകൾ തെളിച്ചും പ്രവർത്തന ക്ഷമമാക്കണമെന്നും, സൗരോർജവേലികളില്ലാത്ത പ്രദേശങ്ങളിൽ പുതിയവേലികൾ സ്ഥാപിച്ചും കൃഷിയിടങ്ങൾ വന്യമൃഗശല്യത്തിൽ നിന്നും രക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.