മണ്ണടി : മണ്ണടി ഉച്ചബലി മഹോത്സവം ഇന്ന് നടക്കും. വൈകിട്ട് 4 ന് പ്രധാന ചടങ്ങായ തിരുമുടി എഴുന്നെള്ളത്ത് മുടിപ്പുര ദേവീക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് പഴയകാവ് ദേവീക്ഷേത്രത്തിൽ എത്തിച്ചേരും. എഴുന്നെള്ളത്തിന് മുന്നോടിയായി മുടിപ്പുര ക്ഷേത്രത്തിൽ രാവിലെ 9 ന് സേവ, 12.30 ന് ഓട്ടൻതുള്ളൽ 2.30 ന് പഞ്ചവാദ്യം എന്നിവ നടക്കും. തീവെട്ടി , വാദ്യ മേളം, മുത്തുക്കുടകൾ എന്നിവയുടെ അകമ്പടിയോടെ നടക്കുന്ന തിരുമുടി എഴുന്നെള്ളത്ത് വാക്ക വഞ്ഞിപ്പുഴ മഠത്തിൽ എത്തി താളം ചവിട്ടി പരമ്പരാഗതപാതയായ ആവണപ്പാറ വഴിയാണ് പഴയ കാവ് ദേവീക്ഷേത്രത്തിൽ എത്തിച്ചേരുന്നത്. തിരുമുടി ആൽത്തറയിൽ ഇറക്കി വെച്ച് ഭക്തർക്ക് ദർശനം നൽകും . രാത്രി 12 ന് ചേച്ചു കളത്തിൽ ദാരികനിഗ്രഹം നടത്തി വിധിപ്രകാരമുള്ള ചടങ്ങുകൾക്ക് ശേഷം മുടിപ്പുര ദേവീക്ഷേത്രത്തിൽ എത്തിച്ചേരുന്നതോടെയാണ് ഉച്ചബലി മഹോത്സവം സമാപിക്കുന്നത്.