അടൂർ :ഏഴംകുളം ദേവീക്ഷേത്രത്തിലെ പ്രകൃതിസൗന്ദര്യവും പൈതൃക പെരുമയും വിശ്വാസങ്ങളും വർണിച്ചുകൊണ്ട് ഏഴംകുളം സ്വദേശിയായ ശരത് കുമാർ രചന നിർവഹിച്ച് തയ്യാറാക്കിയ ഭക്തിഗാന വീഡിയോയായ 'ഏഴംകുളത്തമ്മയ്ക്കായ് ' സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഏഴംകുളം ദേവീക്ഷേത്രത്തിന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജ് വഴി റിലീസ് ചെയ്ത ഭക്തിഗാന വീഡിയോ 48 മണിക്കൂർ പിന്നിട്ടപ്പോഴേക്കും പന്തീരായിരത്തോളം പേർ കാണുകയും 25,000 ത്തോളം പേരിലെത്തുകയും ചെയ്തു. ഏഴംകുളം ദേവീക്ഷേത്രത്തിന്റെ പ്രകൃതി സൗന്ദര്യം വരച്ചു കാട്ടുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ഞാറമരവും വയൽ വരുമ്പുകളും അമ്പലക്കുളവും ആൽത്തറകളും ഏറെ പ്രശസ്തമായ ഏഴംകുളം തൂക്കവും ഗരുഡൻ തൂക്കവും ആലുവിളക്കും ദൃശ്യവത്കരിച്ചാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ക്രീയേറ്റീവ് ഹെഡായി പ്രവർത്തിച്ചതും ശരത് കുമാറാണ്. ശ്യാം ശശി പുനലൂർ സംഗീതം നൽകി മേഘ രമേശ്‌ അടൂർ ആലപിച്ചിരിക്കുന്ന ഗാനം ചിത്രീകരിച്ചിരിക്കുന്നത് ഏഴംകുളം മിന്റ് സ്റ്റുഡിയോയാണ്. ക്ഷേത്ര സന്നിധിയിൽ നടന്ന ചടങ്ങിൽ ഏഴംകുളം ദേവീക്ഷേത്ര സംരക്ഷണ സംഘടന പ്രസിഡന്റ് പത്മകുമാർ റിലീസ് ചടങ്ങ് നിർവഹിച്ചു. സെക്രട്ടറി സുധാകരൻ നായർ, ജോയിന്റ് സെക്രട്ടറി എം ഗിരിദാസ്, ട്രഷറർ സി .പ്രമോദ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.ഏറെ ഹൃദ്യവും അതിലേറെ സംഗീത പ്രധാന്യവുമുള്ള ഇൗ ഗാനോപഹാരം നാട്ടുകാരായ ഒരുസംഘം ചെറുപ്പക്കാരുടെ കൂട്ടായ്മയിൽ ഉയർന്നുവന്നു എന്നതാണ് പ്രത്യേകത. കേരളത്തിൽ തൂക്കവഴിപാടുള്ള അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണിത്. കുംഭമാസത്തിലെ ഭരണി നാളിലാണ് ഉത്സവമെങ്കിലും കാർത്തികപ്പുലരിയിലാണ് തൂക്കവഴിപാടിന് തുടക്കമാവുക.