 
തിരുവല്ല : യുദ്ധഭൂമിയിൽ നിന്ന് നാട്ടിലെത്താൻ പ്രണാദ് കുമാറിനും സഹപാഠികൾക്കും അഞ്ചുദിവസത്തെ ദുരിതയാത്ര വേണ്ടിവന്നു. ഭീതിയുടെ അഞ്ചുനാളുകൾ പിന്നിട്ട് നാട്ടിൽ തിരിച്ചെത്തിയതിന്റെ സന്തോഷം കുടുംബാംഗങ്ങളുമായി അവർ പങ്കിട്ടു. യുക്രെയിനിലെ ടർനോപിൻ നാഷനൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ രണ്ടാംവർഷ വിദ്യാർത്ഥിയാണ് പെരിങ്ങര പ്രസന്ന ഭവനത്തിൽ പി. പ്രണാദ് കുമാർ. റഷ്യ യുക്രെയിനിൽ ആക്രമണം തുടങ്ങിയശേഷം ഫെബ്രുവരി 25 നാണ് പ്രണാദിനും സഹപാഠികളായ പത്തുപേർക്കും നാട്ടിലേക്ക് തിരിക്കാനായത്. ടർനോപിനിൽ നിന്ന് ആശങ്കയോടെ ട്രെയിനിൽ യാത്ര തുടങ്ങി. രണ്ടുമണിക്കൂർകൊണ്ട് ലിവിയിലെത്തി. ഇവിടെ നിന്ന് മറ്റൊരു ട്രെയിനിൽ ഏഴുമണിക്കൂർ ഉഹോർദിലേക്ക് യാത്ര. പിറ്റേദിവസം ടാക്സിയിൽ ചോപ് എന്ന സ്ഥലത്തെത്തി. അവിടെ നിന്ന് ഹംഗറിയുടെ അതിർത്തിയിലേക്ക്. ഇവിടെ അതിർത്തി കടക്കാൻ 20 മണിക്കൂറോളം ദുരിതംപേറി കാത്തുനിൽക്കേണ്ടി വന്നു. ഹംഗറിയിലെത്തിയപ്പോഴാണ് അൽപ്പം ആശ്വാസമായത്. ഇന്ത്യൻ എംബസിയിലെ വോളന്റിയർമാർ ഇവിടെ ഉണ്ടായിരുന്നു. ആവശ്യമായ സഹായങ്ങൾ വോളന്റിയർമാർ ചെയ്തുതന്നു. ഇവിടെ നിന്ന് ഹംഗറിയുടെ തലസ്ഥാനമായ ബുദാപെസ്റ്റിലേക്കായിരുന്നു അടുത്ത യാത്ര. ബുദാപെസ്റ്റിൽ നിന്ന് മാർച്ച് ഒന്നിന് പുറപ്പെട്ട വിമാനത്തിൽ ഡൽഹിയിലെത്തി. അവിടെനിന്ന് 2ന് രാത്രി എട്ടരയോടെ കൊച്ചിയിലെത്തുകയായിരുന്നു. ഇതിനിടയിൽ വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ അറിയിച്ചിരുന്നു. പടിഞ്ഞാറ്റോതറ പാണ്ടിശ്ശേരിൽ സ്നേഹ പ്രഭ, മാടപ്പാട്ടുമണ്ണിൽ ശീതൾ മെറിൻ തോമസ് എന്നിവരും തിങ്കളാഴ്ച രാത്രിയോടെ വിമാനത്തിൽ നാട്ടിലെത്തി. സ്നേഹയും ശീതളും ഉക്രയിനിലെ ഉഷ്ഹോർദ് നാഷനൽ
യൂണിവേഴ്സിറ്റിലെ രണ്ടാംവർഷ മെഡിക്കൽ വിദ്യാർത്ഥികളാണ്. ഹംഗറിയുടെ അതിർത്തിപട്ടണമായ ഉഷ്ഹോർദിൽ നിന്ന് 27നാണ് ഇവർ യുക്രെയ്ൻ വീട്ടത്. ഇവർക്കും ഹംഗറി അതിർത്തി കടക്കാൻ 10 മണിക്കൂറോളം ബസിൽ കാത്തിരിക്കേണ്ടി വന്നു. ഫ്ലൈറ്റ് കിട്ടിയശേഷം ബുദ്ധിമുട്ട് ഉണ്ടായില്ല. ഡൽഹിയിലെത്തി കേരള ഹൗസിൽ താമസ സൗകര്യം ലഭിച്ചു. അവിടെ നിന്നാണ് നാട്ടിലേക്കെത്തിയത്. സ്നേഹയും ശീതളും നാട്ടിൽ അയൽക്കാരുമാണ്. തങ്ങളുടെ മുമ്പോട്ടുള്ള വിദ്യാഭ്യാസം
എന്താകുമെന്ന ആശങ്കയാണ് മൂവർക്കുമുള്ളത്. യുക്രെയിനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം ഈമാസം 13 വരെ അടച്ചതായാണ് അധികൃതർ
അറിയിച്ചിരിക്കുന്നതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.