death
എം.എം. രാജു

പേരക്കുട്ടിയെ സ്‌കൂളിലാക്കാൻ പോകുമ്പോൾ അപകടം

തിരുവല്ല: പേരക്കുട്ടിയെ സ്‌കൂളിലാക്കാൻ പോയ മുത്തച്ഛന് തീവണ്ടി എൻജിൻ തട്ടി ദാരുണാന്ത്യം. ആറുവയസുള്ള പേരക്കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. തിരുവല്ല ചുമത്ര മോടിയിൽ വീട്ടിൽ രാജു (64)വാണ് മരിച്ചത്. ഇന്നലെ രാവിലെ ഓതറ റെയിൽവേ ഗേറ്റിന് സമീപമായിരുന്നു സംഭവം. ഒരു ട്രാക്കിലൂടെ ട്രെയിൻ കടന്നു പോകുന്നതിനിടെ അടുത്ത പാളത്തിലുടെ വന്ന തീവണ്ടി എൻജിൻ രാജുവിനെ തട്ടുകയായിരുന്നു. മകൾ സ്മിതയുടെ ഓതറയിലെ വീട്ടിലെത്തിയ രാജു പേരക്കുട്ടി ശിവാനയെ സ്‌കൂൾ ബസ് കയറ്റിവിടാനായി പോകുമ്പോഴാണ് സംഭവം. ഇരുവരും റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ഒരു ട്രാക്കിലൂടെ കോർബ എക്സ്പ്രസും അടുത്ത ട്രാക്കിലൂടെ ട്രെയിന്റെ എൻജിനും എത്തി. ഈസമയം വണ്ടി വരുന്നത് കണ്ട പേരക്കുട്ടി ട്രാക്കിൽ നിന്ന് ചാടി രക്ഷപെട്ടു. വണ്ടി വരുന്നത് കണ്ട് പരിഭ്രമിച്ച രാജുവിന് മാറാൻ കഴിഞ്ഞില്ല. ഇടിയുടെ ആഘാതത്തിൽ ദൂരേയ്ക്ക് തെറിച്ചു വീണ രാജു തൽക്ഷണം മരിച്ചു. മൃതദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. സംസ്‌കാരം ഇന്ന് നടക്കും. മക്കൾ: സിന്ധു, സ്മിത.