 
കോന്നി: മലയാലപ്പുഴ പഞ്ചായത്തിലെ കടവുപുഴയിൽ പ്രളയത്തിൽ തകർന്ന കലുങ്കുകളുടെ നിർമ്മാണം ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്നും അനുവദിച്ച 10ലക്ഷം രൂപ വിനിയോഗിച്ചാണ് കലുങ്കുകൾ നിർമ്മിക്കുന്നത്. കഴിഞ്ഞ പ്രളയത്തിൽ മലയാലപ്പുഴ പഞ്ചായത്തിൽ ചേറുവാള, കടവുപുഴ എന്നിവിടങ്ങളിലായി മൂന്ന് കലുങ്കുകളാണ് തകർന്നത്. ഇതിൽ ഫാക്ടറിപ്പടി കടവുപുഴ റോഡിലെ രണ്ടുകലുങ്കുകളുടെ നിർമ്മാണ പ്രവർത്തികളാണ് ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നടത്തുന്നത്. ഹാരിസൺ മലയാളം പ്ലാന്റെഷൻസിലെ അഞ്ഞൂറിലധികം തൊഴിലാളികൾ ആശ്രയിക്കുന്ന റോഡിലെ കലുങ്കുകളാണ് തകർന്നത്. മലയാലപ്പുഴ ശുദ്ധജല വിതരണ പദ്ധതിയുടെ പമ്പിംഗ് സ്റ്റേഷനിലേക്ക് പോകുന്നതും ഈ വഴിയിലൂടെയാണ്. കലുങ്കുകൾ തകർന്നതോടെ യാത്രാ ദുരിതമാണ് പ്രദേശത്ത് അനുഭവപ്പെട്ടിരുന്നത്. 6മീറ്റർ വീതിയിൽ മിനി പാലം മാതൃകയിലാണ് കലുങ്കുകൾ പുനർനിർമ്മിക്കുന്നത്. ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി നിർമ്മാണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷീലാ കുമാരി ചാങ്ങയിൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷാജി നൂറോലിൽ, ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു പുതുക്കുളം, പഞ്ചായത്ത് അംഗങ്ങളായ മഞ്ചേഷ് വടക്കിനേത്ത്, രജനീഷ്, അസിസ്റ്റന്റ് എൻജിനീയർ ആരിഫ്, മലയാലപ്പുഴ മോഹനൻ, എം.ജി സുരേഷ്, ഒ.ആർ സജി,എസ്റ്റേറ്റ് ഫീൽഡ് ഓഫീസർ ഷിബു എന്നിവർ സംസാരിച്ചു.