school
നെടുമ്പ്രം ഗവ.ഹൈസ്‌കൂളിന് പിന്നിലുള്ള സ്ഥലം ഏറ്റെടുക്കാത്തതിനാൽ തരിശായി കിടക്കുന്നു

തിരുവല്ല: സർക്കാർ സ്‌കൂളുകൾ രാജ്യാന്തര നിലവാരത്തിലേക്ക് മെച്ചപ്പെടുമ്പോൾ നെടുമ്പ്രം പുതിയകാവ് ഗവ.ഹൈസ്‌കൂൾ അപര്യാപ്തതകളിൽ വീർപ്പുമുട്ടുകയാണ്. നൂറിലധികം വർഷം പഴക്കമുള്ള ഈസർക്കാർ വിദ്യാലയത്തിന് ഇന്നും അവഗണന മാത്രം.1982ലാണ് ഹൈസ്‌കൂളായി ഉയർത്തപ്പെടുന്നത്. എസ്.എസ്.എൽ.സി.പരീക്ഷയിൽ പത്ത് വർഷത്തിലേറെയായി നൂറുശതമാനം വിജയംനേടുന്നു.എ പ്ലസ് കിട്ടുന്ന വിദ്യാർത്ഥികളുടെ എണ്ണവും നിരവധിയാണ്. ഹൈസ്‌കൂൾ വിഭാഗം ക്ലാസുകളെല്ലാം ഹൈടെക്കായി.നെടുമ്പ്രം പഞ്ചായത്തിലെ ഏക ഹൈസ്‌കൂളായ ഇവിടെ ഓരോ അക്കാദമികവർഷവും കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ട്. പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ മുന്നേറുന്ന ഈ സ്‌കൂളിന്റെ ഭൗതികസാഹചര്യങ്ങൾ ഇന്നും പരമദയനീയമാണ്.

തകരഷീറ്റിട്ട് മേൽക്കൂര, മഴക്കാലത്ത് വെള്ളക്കെട്ട്


എൽ.പി, പ്രീപ്രൈമറി വിഭാഗം കെട്ടിടങ്ങളുടെ മേൽക്കൂരയിൽ വെയിലത്ത് ചുട്ടുപൊള്ളുന്ന ടിൻ ഷീറ്റാണ് മൂടിയിരിക്കുന്നത്. ഇത്തരം മേൽക്കൂര പാടില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവെങ്കിലും മഴക്കാലത്ത് ചോർച്ച ഒഴിവാക്കാൻ മറ്റ് മാർഗമില്ലെന്നാണ് അധികൃതരുടെ വാദം. കാലപ്പഴക്കത്താൽ ബലക്ഷയമുള്ള യു.പി.വിഭാഗം കെട്ടിടം പൊളിച്ചുമാറ്റി പുതിയ കെട്ടിടം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകിയിയെങ്കിലും നടപടിയുണ്ടായിട്ടില്ല. വെള്ളപ്പൊക്കത്തിൽ ഇടിഞ്ഞുവീണ ചുറ്റുമതിൽ പുനഃസ്ഥാപിക്കാത്തതിനാൽ സാമൂഹ്യവിരുദ്ധരുടെ ശല്യമേറി. അടുത്തകാലത്ത് കുട്ടികൾ നട്ടുവളർത്തിയ പൂച്ചട്ടികൾ നശിപ്പിച്ച സംഭവമുണ്ടായി. റോഡിനേക്കാൾ വളരെ താഴ്ന്ന നിലയിലായതിനാൽ മഴക്കാലത്ത് സ്‌കൂൾവളപ്പിൽ വെള്ളക്കെട്ടാണ്.

സ്ഥലം ഏറ്റെടുക്കാതെ നാല് പതിറ്റാണ്ട്


ഹൈസ്‌കൂൾ പ്രവർത്തിക്കുന്നതിന് സ്ഥലവിസ്തൃതി മൂന്ന് ഏക്കർ വേണമെന്നാണ് സർക്കാർ വ്യവസ്ഥ. എന്നാൽ 1.10ഏക്കർ സ്ഥലമേ നെടുമ്പ്രം ഗവ.ഹൈസ്‌കൂളിന് സ്വന്തമായുള്ളൂ. സ്‌കൂളിന്റെ പിന്നിലുള്ള സ്ഥലം വിട്ടുനൽകാൻ ഭൂഉടമകൾ സന്നദ്ധത അറിയിച്ചിട്ട് 40 വർഷത്തോളമായി. സ്ഥലം ഏറ്റെടുത്ത് സ്‌കൂൾ വികസിപ്പിക്കാൻ നാട്ടുകാർ സമാഹരിച്ച തുക അക്കാലത്ത് റവന്യു ഡിപ്പോസിറ്റായി തിരുവല്ല സബ്ട്രഷറിയിൽ അടച്ചതായും സ്‌കൂൾ അധികൃതർ പറയുന്നു. എന്നാൽ സർക്കാർതലത്തിൽ തുടർനടപടികൾ ഉണ്ടാകാത്തതിനാൽ ഇപ്പോഴും സ്‌കൂളിന് ആവശ്യമായ സ്ഥലമില്ല. ഇതുകാരണം സുന്ദരമായ കെട്ടിടങ്ങൾ പണിയാനും സാധിക്കുന്നില്ല. കായിക പരിശീലനത്തിന് കളിസ്ഥലമില്ലാതെ കുട്ടികൾ ബുദ്ധിമുട്ടുകയാണ്. സർക്കാർ കഴിഞ്ഞവർഷം സംഘടിപ്പിച്ച റവന്യു അദാലത്തിൽ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി സ്‌കൂൾ പി.ടി.എ നിവേദനം നൽകിയിരുന്നു. മന്ത്രിമാർ പങ്കെടുത്ത അദാലത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ നിർദ്ദേശം ഉണ്ടായെങ്കിലും ഇതുവരെയും സ്ഥലം ഏറ്റെടുക്കാൻ സാധിച്ചിട്ടില്ല.

സ്വപ്നമായി ഹയർസെക്കൻഡറി


സമീപ പഞ്ചായത്തുകളിലെല്ലാം ഹയർസെക്കൻഡറി സ്‌കൂളുകൾ അനുവദിച്ചെങ്കിലും നെടുമ്പ്രം പഞ്ചായത്തിൽ ഹയർസെക്കൻഡറി സ്‌കൂളില്ല. നെടുമ്പ്രം ഗവ.ഹൈസ്‌കൂളിന്റെ സ്ഥലപരിമിതിയും ഹയർസെക്കൻഡറി അനുവദിക്കുന്നതിന് തടസമായി. ഇതുകാരണം ഇവിടെ പഠിക്കുന്ന കുട്ടികൾക്ക് ഉന്നതപഠനത്തിന് മറ്റു പഞ്ചായത്തുകളിൽ പോകേണ്ടിവരുന്നു.

-1982ൽ ഹൈസ്കൂളായി ഉയർത്തി

- 100 വർഷം പഴക്കമുള്ള സ്കൂൾ