പത്തനംതിട്ട : ഇരുപത്തഞ്ച് വർഷത്തോളമായി മൺപാതയായി കിടക്കുകയാണ് ഗുരുമന്ദിരം പടി - ചിന്നക്കട കോളനി- കൊല്ലംകയ്യത്ത് റോഡ് . ചിന്നക്കട കോളനിയിലേക്കുള്ള റോഡാണിത്. റോഡ് കോൺക്രീറ്റ് ചെയ്യാനോ ടാർ ചെയ്യാനോ ഇതുവരെ നടപടിയില്ല. കടമ്പനാട് പഞ്ചായത്തിന്റെ രണ്ടാം വാർഡിലാണ് റോഡ്.
തകർന്ന റോഡിൽക്കൂടിയുള്ള യാത്ര ദുരിതമാണ്. ഇവിടേക്ക് വരാൻ ടാക്സിവാഹനങ്ങൾ മടിക്കുന്നു.
പലഭാഗത്തും കുഴികളും കല്ലുകളുമാണ്. റോഡ് നവീകരിക്കണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതർ ഗൗനിക്കുന്നതേയില്ല. പഞ്ചായത്തിലെ മറ്റ് റോഡുകളെല്ലാം സഞ്ചാരയോഗ്യമാണെങ്കിലും ഇൗ റോഡിനോടുള്ള അവഗണന തുടരുകയാണ്. ഏകദേശം 68 കുടുംബങ്ങൾ താമസിക്കുന്ന സ്ഥലമാണിത്. ഇരുചക്രവാഹനങ്ങളും മറ്റും ഇവിടെ പതിവായി അപകടത്തിൽപ്പെടാറുണ്ട്. രാത്രികാലങ്ങളിൽ ഇതുവഴി കടന്നു പോകുവാൻ പറ്റാത്ത അവസ്ഥയാണ്. മഴവെള്ളം കുത്തിയൊഴുകി റോഡിന്റെ മദ്ധ്യേഭാഗം കുഴിഞ്ഞുകിടക്കുന്നു. റോഡിന്റെ നിർമ്മാണം ഉടൻ ആരംഭിച്ചില്ലെങ്കിൽ ശക്തമായ സമരം നടത്താനാണ് നാട്ടുകാരുടെ തീരുമാനം.
ഷിബു ഉണ്ണിത്താൻ
(നെല്ലിമുകൾ എജന്റ്)