തിരുവല്ല: പ്രവർത്തന മേഖലയിൽ മികവും പ്രതിബദ്ധതയും പുലർത്തുന്നവർക്കുള്ള സീനിയർ ചേംബർ ഇന്റർനാഷണൽ ഏരിയ എയുടെ എക്സലൻസ് അവാർഡിന് (25000രൂപയും ശില്പവും) രവിവർമ്മ തമ്പുരാൻ അർഹനായി. കേരള നവോത്ഥാനത്തിന്റ 500 വർഷത്തെ ചരിത്രം പശ്ചാത്തലമാക്കി എഴുതിയ മുടിപ്പേച്ച് എന്ന നോവലാണ് അവാർഡിന് പരിഗണിച്ചത്. മലയാള മനോരമയിൽ സീനിയർ അസിസ്റ്റന്റ് എഡിറ്ററായ രവിവർമ്മ തമ്പുരാൻ 5 നോവലുകളും 7 കഥാസമാഹാരങ്ങളും 2 പഠന ഗ്രന്ഥങ്ങളും ഒരു ജീവചരിത്രവും എഴുതിയിട്ടുണ്ട്. തിരുവല്ല ഹോട്ടൽ അശോക ഹാളിൽ 6ന് രാവിലെ 11 ന് നടക്കുന്ന സീനിയർ ചേംബർ ഇന്റർനാഷണൽ ഏരിയ എ പ്രതിഭാ സംഗമത്തിൽ അവാർഡ് നൽകും. ദേശീയ ഉപാദ്ധ്യക്ഷൻ ജോസ് മാത്യൂസ്‌ ഇടയാറന്മുള അദ്ധ്യക്ഷത വഹിക്കും. സീനിയർ ചേംബർ ഇന്റർനാഷണൽ ഡയറക്ടർ വി. ഭാരത്ദാസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രസ് ക്ലബ്‌ പ്രസിഡന്റ്‌ ബോബി എബ്രഹാം മുഖ്യപ്രഭാഷണം നടത്തും. അനിൽ എസ്. ഉഴത്തിൽ, റ്റി.സി.ദേവസിയ, രാജൻ പൊതി, ഡോ.സുരേഷ് കുമാർ.ഡി. എന്നിവർ പ്രസംഗിക്കും.