 
ചെങ്ങന്നൂർ: മുളക്കുഴ പിരളശേരിയിൽ കെ - റെയിൽ പദ്ധതിയുടെ ഭാഗമായുള്ള കല്ലിടീലിനെതിരെ രണ്ടാം ദിനവും ശക്തമായ പ്രതിഷേധം. ഇന്നലെ കെ - റെയിൽ എന്ന് മുദ്രണം ചെയ്ത 13 കല്ലുകളാണ് അധികൃതർ ഇട്ടത്. പ്രതിഷേധം ശക്തമായതിനു പിറകേ ഇവയിൽ ചിലതു നാട്ടുകാരും, സമരസമിതി പ്രവർത്തകരും ചേർന്നു പിഴുതുമാറ്റി. സംഭവത്തിൽ 16പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിനിടെ ദേഹത്തു മണ്ണെണ്ണയൊഴിച്ചു ആത്മഹത്യശ്രമമുണ്ടായി. പിന്തുണയുമായി ബി.ജെ.പി.യും, കോൺഗ്രസും രംഗത്തെത്തിയിരുന്നു. ചെങ്ങന്നൂരിലെ കെ - റെയിൽ സ്റ്റേഷൻ വരുന്ന പിരളശേരിക്കു സമീപം ഊരിക്കടവ് മേഖലയിലാണ് വെള്ളിയാഴ്ചയും കല്ലിടാൻ ഉദ്യോഗസ്ഥ സംഘമെത്തിയത്. മാന്നാർ പൊലീസ് ഇൻസ്‌പെക്ടർ ജി. സുരേഷ്‌കുമാർ, വെണ്മണി ഇൻസ്‌പെക്ടർ ജി. രമേഷ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംരക്ഷണയിലാണ് ഉദ്യോഗസ്ഥരെത്തിയത്. കല്ലിടൽ തുടങ്ങിയപ്പോൾ തന്നെ ഉദ്യോഗസ്ഥരെ തടഞ്ഞു പൊയ്കയിൽ റെജി എന്നയാൾ ദേഹത്തു മണ്ണെണ്ണയൊഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കി. പൊലീസ് ഇയാളെ നീക്കം ചെയ്തു. സമീപത്തായി മറ്റൊരു പുരയിടത്തിലെ അടയാളക്കല്ല് സ്ഥാപിച്ചു ഉദ്യോഗസ്ഥർ മടങ്ങവേ സമരക്കാൻ കല്ലു പിഴുതു മാറ്റി പ്രതിഷേധിച്ചു. തൊഴിലാളികളെ നിറുത്തി ഇവ വീണ്ടു പുനസ്ഥാപിച്ചു. പൊലീസ് സംരക്ഷണവും ഒരുക്കി. കെ - റെയിൽ വിരുദ്ധ ജനകീയ സമിതി ജില്ലാ കൺവീനർ മധു ചെങ്ങന്നൂർ പ്രതിഷേധത്തിന് നേതൃത്വം നൽകി.കോൺഗ്രസ് പഞ്ചായത്തംഗങ്ങളായ എം.ബി.ബിന്ദു,തോമസ് ഏബ്രഹാം, ചെങ്ങന്നൂർ നഗരസഭ കൗൺസിലർ കെ.ഷിബുരാജൻ എന്നിവരും പിന്തുണയുമായെത്തി. വ്യാഴം, വെള്ളി ദിവസങ്ങളിലായി പ്രദേശത്ത് 20 കല്ലുകളാണ് സ്ഥാപിച്ചത്.
കുറ്റി പിഴതെറിഞ്ഞ് ബി.ജെ.പിയുടെ പ്രതിഷേധം
ചെങ്ങന്നൂർ: മുളക്കുഴ പഞ്ചായത്തിൽ കെ - റെയിൽ കുറ്റി പിഴതെറിഞ്ഞ് ബി.ജെ.പി.യുടെ പ്രതിഷേധം. ബി.ജെ.പി പ്രവർത്തകരും, കെ.റെയിൽ സമരസമിതി അംഗങ്ങളും ചേർന്ന് കുറ്റിയിടാൻ എത്തിയ കെ-റെയിൽ ഉദ്യേഗസ്ഥരെ തടഞ്ഞു. ബി.ജെ.പി ചെങ്ങന്നൂർ മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട്, ജനറൽ സെക്രട്ടറി അനീഷ് മുളക്കുഴ എന്നിവർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പഞ്ചായത്ത് അംഗങ്ങളായ പ്രിജിലിയ, പുഷ്പകുമാരി, എന്നിവരേയും പി.ബി.അഭിലാഷ്, അനൂപ് പെരിങ്ങാല, രോഹിത്ത് പി. കുമാർ, എം. മനീഷ്, ടി.ജി.രാജേഷ് എന്നിവർ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തു നീക്കി.
പ്രകടനം നടത്തി
കെ - റെയിൽ സമരത്തിൽ പങ്കെടുത്ത് അറസ്റ്റിലായവരെ വിട്ടയച്ചതിനെ തുടർന്ന് സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ ചെങ്ങന്നൂർ നഗരത്തിൽ പ്രതിഷേധ സമരം നടത്തി. തുടർന്നു നടന്ന യോഗം ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരക്കാട് ഉദ്ഘാടനം ചെയ്തു. ആർ. പാർത്ഥസാരഥി, അനീഷ് മുളക്കുഴ, എ.ആർ ഓമനക്കുട്ടൻ, മധു ചെങ്ങന്നൂർ എന്നിവർ പ്രസംഗിച്ചു.
പ്രതിഷേധത്തിനിടെ വൃദ്ധ കുഴഞ്ഞുവീണു
പ്രതിഷേധത്തിനിടെ 92 വയസുള്ള വൃദ്ധ കുഴഞ്ഞുവീണു. പിരളശേരി കണ്ടത്തിൽ വീട്ടിൽ ഏലിയാമ്മ ഏബ്രഹാമാണ് കുഴഞ്ഞു വീണത്. ഇവരെ നീക്കിയശേഷം അധികൃതർ അടയാളകല്ല് സ്ഥാപിച്ചു.