പന്തളം: കെ.എസ്.ആർ.ടി.സി പന്തളം ഡിപ്പോ നിർത്തലാക്കാനുള്ള നീക്കത്തിനെതിരെ സമരം ആരംഭിക്കുമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.എ. സൂരജ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
40 വർഷം മുമ്പാരംഭിച്ച ഡിപ്പോ ഏറെ ലാഭകരമായാണു പ്രവർത്തിച്ചിരുന്നത്. ഏറെ ലാഭമുണ്ടാക്കിയിരുന്ന രണ്ടു ദീർഘദൂര സർവ്വീസുകളും ഇവിടെ നിന്നു മാറ്റി. സ്ഥിരം സർവ്വീസായ പമ്പാ സർവ്വീസും നിർത്തി. 24 ബസ്സുകളുണ്ടായിരുന്നത് ഇപ്പോൾ 13ലേക്കു ചുരുങ്ങി.
ശബരിമലയുമായി ബന്ധപ്പെട്ട പന്തളത്ത് അടിയന്തിര വികസനമാണു വേണ്ടത്.
സമരത്തിനു തുടക്കം കുറിച്ച് ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ബിജെപി പന്തളം മണ്ഡലം പ്രസിഡന്റ് പി.എസ്. കൃഷ്ണകുമാർ, നഗരസഭാ സമിതി പ്രസിഡന്റ് വി. ഹരികുമാർ എന്നിവർ പന്തളം ജംഗ്ഷനിൽ ഉപവാസം നടത്തും. ബി.ജെ.പി പന്തളം മണ്ഡലം, മുനിസിപ്പൽ കമ്മിറ്റികൾ ചേർന്നാണു സമരം നടത്തുക.
ജില്ലാ സെക്രട്ടറി കെ.വി. പ്രഭ, മണ്ഡലം പ്രസിഡന്റ് പി.എസ്. കൃഷ്ണകുമാർ, മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് വി. ഹരികുമാർ, ജനറൽ സെക്രട്ടറി എസ്. സുമേഷ് കുമാർ, പന്തളം ഏരിയാ പ്രസിഡന്റ് സൂര്യ എസ്. നായർ, വൈസ് പ്രസിഡന്റ് മഞ്ജുഷ സുമേഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.