പന്തളം: പന്തളം നഗരസഭ 33ാം ഡിവിഷനിലെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുന്നു. സുരേഷ് ഗോപിയുടെ എം.പി ഫണ്ടിൽ നിന്നനുവദിച്ച 8. 40 ലക്ഷം രൂപയുടെ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനത്തിന് ഈ മാസം പതിനഞ്ചോടെ തുടക്കംകുറിക്കും.
ഡിവിഷനിലെ ചെറുമല, വടക്കേക്കോണം പ്ലാവിള, പുന്തല, വടക്കേ ചെറുകോണം, കരിങ്ങാലി പുഞ്ച, പുതമന കോളനി പ്രദേശങ്ങളിൽ പൈപ്പ് ലൈൻ വലിച്ച് പൊതുടാപ്പുകൾ സ്ഥാപിച്ച് കുടിവെള്ളം എത്തിക്കുന്നതാണ് പദ്ധതി. ഇതിലൂടെ 50ലേറെ കുടുംബങ്ങളുടെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകും.
തങ്ങളനുഭവിക്കുന്ന ദുരിതത്തേക്കുറിച്ച് കഴിഞ്ഞ സെപ്തംബറിൽ പ്രദേശവാസിയായ ദശമി എന്ന വിദ്യാർത്ഥിനി ഫേസ് ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഇതുകണ്ട അന്നത്തെ ബി.ജെ.പി ജില്ലാ പ്രസിഡന്റ് അശോകൻ കുളനട പ്രശ്‌നം സുരേഷ് ഗോപി എം. പി യുടെ ശ്രദ്ധയിൽ കൊണ്ടുവരികയായിരുന്നു. കൊവിഡ് കാരണം എം.പി ഫണ്ട് ഉപയോഗിക്കാനാവാത്തതിനാൽ മകളുടെ പേരിലുള്ള ട്രസ്റ്റിൽ നിന്ന് പദ്ധതി നടപ്പാക്കുന്നതിന് ആവശ്യമായ അഞ്ചുലക്ഷം രൂപ സുരേഷ് ഗോപി അനുവദിച്ചു.
സെപ്റ്റംബർ 21ന് സ്മൃതികേരം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനത്തിന് പന്തളത്തെത്തിയ സുരേഷ് ഗോപി, തുക കൈമാറി. 2022 ജനുവരി 31ന് മുമ്പ് പദ്ധതി പൂർത്തിയാക്കി പ്രദേശത്തു കുടിവെള്ളമെത്തിക്കണമെന്ന് അദ്ദേഹം നിർദ്ദേശവും നൽകി.
പദ്ധതി നടപ്പാക്കുന്നതിന് നഗരസഭാദ്ധ്യക്ഷ കേരള വാട്ടർ അതോറിട്ടിയെ സമീപിച്ചെങ്കിലും സ്വകാര്യ ട്രസ്റ്റിൽ നിന്നുള്ള പണം ഉപയോഗിച്ച് പദ്ധതി നടപ്പാക്കാൻ നിയമപരമായ തടസമുള്ളതിനാൽ കഴിഞ്ഞില്ല. എം.പി ഫണ്ട് ചെലവഴിക്കാനുള്ള അവകാശം പുനഃസ്ഥാപിച്ചതിനാൽ പദ്ധതി എം.പി ഫണ്ടിൽ ഉൾപ്പെടുത്തി വീണ്ടും എസ്റ്റിമേറ്റ് എടുത്ത് 8.40 ലക്ഷം രൂപ സുരേഷ് ഗോപി അനുവദിക്കുകയായിരുന്നു.