camera-
പെരുനാട് മാർക്കറ്റിനു സമീപം പൂവത്തുംമൂട് പാലം റോഡിൽ സ്ഥാപിച്ചിരിക്കുന്ന നിരീക്ഷണ ക്യാമറ

റാന്നി: ഗതാഗത നിയമലംഘനങ്ങൾക്ക് തടയാനായി റാന്നിക്ക് ചുറ്റും എട്ടു കാമറ കണ്ണുകളുമായി മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ്. സംസ്ഥാന സർക്കാരും കെൽട്രോണും ചേർന്ന് നടപ്പാക്കുന്ന പദ്ധതി പ്രകാരം റാന്നി താലൂക്കിലെ വിവിധ പ്രദേശങ്ങളിലായി എട്ടു കാമറകൾ സ്ഥാപിച്ചു കഴിഞ്ഞു. ഇരുചക്ര വാഹനങ്ങളിൽ ഹെൽമെറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവർക്കും, ഇൻഷുറൻസ് സർട്ടിഫിക്കറ്റ്, പുക പരിശോധന സർട്ടിഫിക്കറ്റ്, നികുതി എന്നിവ ഇല്ലാത്ത വാഹനങ്ങൾക്കും ഇനിമുതൽ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റ് പിടിവീഴും എന്നുറപ്പായി. സംസ്ഥാന പാതയുടെ നിർമ്മാണം പൂർത്തിയാകുന്ന മുറയ്ക്ക് ഇപ്പോൾ സ്ഥാപിച്ചിരിക്കുന്ന കാമറകൾ പൂർണമായി പ്രവർത്തന സജ്ജമാകും. റാന്നി ടൗണിനു പുറമെ പെരുനാട്, വടശേരിക്കര എന്നിവിടങ്ങളിലും ഇത്തരം നിരീക്ഷണ കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ജില്ലയിൽ മുഴുവനായി 38 കാമറകൾ സജ്ജീരികരിച്ചിട്ടുണ്ട്. ജില്ലാ മോട്ടോർ വെഹിക്കിൾ എൻഫോഴ്‌സ്‌മെന്റിനാവും കാമറകളിൽ കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കാനുള്ള ചുമതല. പൂർണ സജ്ജമാകും മുമ്പ് തന്നെ ഭയപ്പാടിൽ ആളുകൾ വാഹനങ്ങളുടെ പേപ്പറുകൾ ശരിയാക്കാനുള്ള ഓട്ടത്തിലാണ്. കാമറകൾ ഭയന്ന് പ്രധാന പാതകൾ വിട്ടു ഇടറോഡുകളിലൂടെ യാത്ര ചെയ്യുന്ന വിരുതന്മാരും ഇക്കൂട്ടത്തിലുണ്ട്. സംസ്ഥാന പാതയുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ റോഡുകളിലെ നിയമലംഘനങ്ങൾക്ക് ഒരുപരിധിവരെ തടയിടാൻ ഈ കാമറകൾ സഹായിക്കും.

- ജില്ലയിൽ മൊത്തം 38 കാമറകൾ

പെരുനാട്, വടശേരിക്കര എന്നിവിടങ്ങളിലും കാമറ സ്ഥാപിച്ചു

- പിഴ ഈടാക്കാനുള്ളചുമതല ജില്ലാ മോട്ടോർ വെഹിക്കിൾ എൻഫോഴ്‌സ്‌മെന്റിന്