പന്തളം: തുമ്പമൺ ഗ്രാമപഞ്ചായത്ത് ചന്തയിലെ സ്റ്റാൾ മുന്നറിയിപ്പില്ലാതെ പി.ഡബ്ല്യൂ.ഡി. തകർത്തത് പ്രതിഷേധാർഹമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് റോണി സഖറിയ, വൈസ് പ്രസിഡന്റ് അഡ്വ. രാജേഷ് കുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മത്സ്യച്ചന്തയിലെ പാവപ്പെട്ട വ്യാപാരിയുടെ ഐസ് പെട്ടികളുൾപ്പെടെ തകർക്കുകയായിരുന്നു. ഐസ് പെട്ടികൾ മാറ്റാൻ സാവകാശം ആവശ്യപ്പെട്ട വൈസ് പ്രസിഡന്റിനെ തള്ളിമാറ്റി.
1956 മുതൽ പഞ്ചായത്തിന്റെ ചന്ത പ്രവർത്തിക്കുന്ന സ്ഥലം പൊതുമരാമത്ത് പുറമ്പോക്കാണെന്ന് പറഞ്ഞാണ് അതിക്രമം നടത്തിയത്. തനതുഫണ്ടില്ലാത്ത പഞ്ചായത്തിന്റെ വരുമാന മാർഗം ചന്തയുടെ ലേലത്തിൽ നിന്നുകിട്ടുന്ന തുകയും മത്സ്യ, മാംസ സ്റ്റാളുകളിൽ നിന്നുള്ള ചെറിയ വരുമാനവുമാണ്.
തുമ്പമൺ സഹകരണ ബാങ്കിന്റെ ആവശ്യപ്രകാരം നടത്തിയ രാഷ്ട്രീയ പ്രേരിതമായ നടപടിയാണ് പൊതുമരാമത്ത് നടത്തിയത്. നവകേരള പുരസ്‌കാരം ലഭിച്ച ഹരിത പഞ്ചായത്താണ്. അതിനാൽ പ്ലാസ്റ്റിക് ഒഴിവാക്കുന്നതിന്റെ ഭാഗമായി സ്റ്റാളിന് ഷീറ്റിട്ടതിൽ സൊസൈറ്റി എതിർപ്പറിയിച്ചിരുന്നു. സൊസൈറ്റിയുടെ നീതി മെഡിക്കൽ സ്റ്റോറിന്റെ ബോർഡ് മറയുമെന്നതായിരുന്നു കാരണം.
സ്ഥലത്തിന്റെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട് അടൂർ മുൻസിഫ് കോടതിയിൽ ആറ് മാസമായി കേസ് നടന്നുവരികയാണ്. പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ബീനാ വർഗീസ്, അംഗങ്ങളായ ഗിരീഷ് കുമാർ ജി, മോനി ബാബു എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.