മണ്ണടി: മണ്ണടി ഉച്ചബലി ഉത്സവം ഭക്തിസാന്ദ്രമായി. ഇന്നലെ വൈകിട്ട് അഞ്ചരയോടെ മുടിപ്പുര ക്ഷേത്രത്തിൽ നിന്ന് പഴയകാവ് ക്ഷേത്രത്തിലേക്ക് എഴുന്നെള്ളത്ത് ആരംഭിച്ചു. വാദ്യമേളങ്ങൾ, കൊടി, കുട, തീവെട്ടി, ആലവട്ടം, വെൺചാമരം, കത്തിച്ച ചൂട്ടുകറ്റ എന്നിവ എഴുന്നെള്ളത്തിന് അകമ്പടിയായി. ആൽത്തറയിൽ എത്തിയ ദേവി ആയിരങ്ങൾക്ക് അനുഗ്രഹവർഷം ചൊരിഞ്ഞു. ഈ സമയം ക്ഷേത്രത്തിനുള്ളിലെ പാട്ടമ്പലത്തിൽ വർഷത്തിൽ ഒരിക്കൽ തയ്യാറാക്കുന്ന നിവേദ്യം ഒരുക്കിയിരുന്നു. ഉണക്കലരി, കൊത്തച്ചക്ക, പൊട്ടു വാഴക്കുല.ശർക്കര, നാളീകേരം എന്നിവ കൊണ്ടാണ് നിവേദ്യം തയ്യാറാക്കിയത്. അർദ്ധരാത്രിയോടെ ദാരികനിഗ്രഹാചാര ചടങ്ങുകൾ ആരംഭിച്ചു. കിഴക്ക് ആൽത്തറയിൽ നിന്നും എഴുന്നെള്ളിയ ദേവി വേതാളക്കല്ലിൽ താളം ചവിട്ടി. ശക്തിസ്വരൂപിണിയായ ദേവി ഭൂതഗണങ്ങളുടെ അകമ്പടിയോടെ പേച്ച് കളത്തിൽ എഴുന്നെള്ളിയെത്തി ദാരികനിഗ്രഹം നടത്തി. ദേവിയുടെ രൗദ്രഭാഗത്തിന് ശാന്തത വരുത്താൻ ബലിക്കുടയും നടന്നു. ഭൂതഗണങ്ങൾക്ക് വഴിയൂട്ട് നടത്തിയ ശേഷം ദേശാതിർത്തിയിലൂടെ സഞ്ചരിച്ച് മണ്ണടി നിലമേൽ എത്തിച്ചേർന്നു. തിരുമുടി മണ്ണടി മുടിപ്പുര ക്ഷേത്രത്തിൽ എത്തിയതോടെ ചടങ്ങുകൾക്ക് സമാപനമായി.