തിരുവല്ല: ശ്രീവല്ലഭ ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് വൈകുന്നേരം 5.35നും 6.05നും മദ്ധ്യേകൊടിയേറും. കഴിഞ്ഞ നവംബറിൽ സ്വർണധ്വജസ്തംഭത്തിന്റെ പഞ്ചവർഗത്തറയ്ക്കു മിന്നലേറ്റു ക്ഷതം സംഭവിച്ചതിനാൽ കമുകിൽത്തീർത്ത താത്കാലിക കൊടിമരത്തിലാണ് കൊടിയേറ്റുക. ഇന്നലെ രാവിലെ നാമജപത്തോടെയും വാദ്യമേളത്തിന്റെയും വായ്ക്കുരവയുടെയും അകമ്പടിയോടെയും കൊണ്ടുവന്ന കമുക് കിഴക്കു തലയായി കൊടിമരത്തിന്റെ പണി പൂർത്തിയാക്കി.കൊടിമരത്തിൻ മുകളിലുറപ്പിക്കുന്നതിനുള്ള വാഹനരൂപം ശില്പി രാജൻ കിഴക്കൻ മുത്തൂർ പ്ലാവിൻ തടിയിൽ നിർമ്മിച്ചു.ഉണ്ണിക്കൃഷ്ണൻ,വേണു ചെല്ലപ്പൻ, കുട്ടപ്പൻ എന്നിവരായിരുന്നു ശില്പികൾ. ക്ഷേത്രം സബ്ഗ്രൂപ്പ് ഓഫീസർ കെ.ആർ ഹരിഹരൻ, അഡ്ഹോക് കമ്മിറ്റി കൺവീനർ ആർ പി ശ്രീകുമാർ ശ്രീപദ്മം, ജോ.കൺവീനർ ശ്രീകുമാർ എന്നിവർ നേതൃത്വം വഹിച്ചു.