 
കോന്നി: ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലങ്ങളിൽ ഒന്നായ കലഞ്ഞൂർ ഗവ.എൽ.പി.സ്കൂളിലെ ക്ലാസുകളിൽ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നത് ടേൺ അടിസ്ഥാനത്തിൽ. 2021ലെ പ്രകൃതിക്ഷോഭത്തെ തുടർന്ന് സ്കൂളിന്റെ മേൽക്കൂര തകർന്നതിനെ തുടർന്നാണ് അദ്ധ്യയന ദിവസങ്ങളിൽ മുഴുവൻ കുട്ടികൾക്കും ക്ലാസുകൾ എടുക്കാൻ അദ്ധ്യാപകർക്ക് കഴിയുന്നില്ല. നിലവിലെ സ്ഥലപരിമിതിയാണ് പ്രശ്നം. പുതിയ കെട്ടിട നിർമ്മാണത്തിന് ശിലാസ്ഥാപനം നടത്തിയെങ്കിലും പണികൾ ഇഴയുകയാണ്. പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള സ്കൂളിൽ 614 വിദ്യാർത്ഥികളാണ് പഠിക്കുന്നത്. ഇതിൽ ഭൂരിഭാഗം വിദ്യാർത്ഥികളും കലഞ്ഞൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ സാധാരണക്കാരുടെ മക്കളാണ്. താത്ക്കാലിക കെട്ടിടത്തിൽ ദിവസം 150 വിദ്യാർത്ഥികൾക്ക് മാത്രമേ പ്രവേശനം നല്കാൻ കഴിയുന്നുള്ളു.
ക്ലാസ് ക്രമീകരണം സ്കൂൾ വാഹനത്തിന്റെ യാത്ര അടിസ്ഥാനത്തിൽ
സ്കൂൾ വാഹനത്തിന്റെ യാത്ര അടിസ്ഥാനപ്പെടുത്തിയാണ് ഇപ്പോൾ ക്ലാസുകൾ ക്രമീകരിക്കുന്നത്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മണക്കാട്ടുപുഴ, ബുധൻ, വ്യാഴം ദിവസങ്ങളിൽ പൂതങ്കര, വെള്ളി, ശനി ദിവസങ്ങളിൽ കൂടൽ എന്നിപ്രദേശങ്ങളിൽ നിന്നുമാണ് കുട്ടികൾ സ്കൂളിൽ എത്തുന്നത്. ഗവ ഹയർ സെക്കൻഡറി സ്കൂളിലെ ലൈബ്രറി കെട്ടിടത്തിലാണ് ഇപ്പോൾ താത്കാലിലാകമായി സ്കൂൾ പ്രവർത്തിക്കുന്നത്. ഇവിടെയും സ്ഥലപരിമിതി പ്രവേശനമാണ്. 16ഡിവിഷനുകൾ പ്രവർത്തിക്കേണ്ട സ്ഥാനത്ത് 5 ഡിവിഷനുകൾക്കുള്ള സ്ഥലമെ ഇവിടെയുള്ളു. കെട്ടിടം പണികൾ പൂർത്തീകരിച്ചിട്ടുമില്ല. സ്കൂളിലെ വിദ്യാർഥികൾക്ക് അവകാശങ്ങൾ നിഷേധിക്കുന്നതിനെതിരെ ബാലാവകാശ കമ്മീഷനിലും പരാതി നൽകിയിരുന്നു. 2121ൽ സ്കൂളിന്റെ മേൽക്കൂര പ്രകൃതി ക്ഷോഭത്തിൽ തകർന്നിരുന്നു. പഞ്ചായത്ത് അറ്റകുറ്റപ്പണികൾ നടത്താൻ ടെണ്ടർ നൽകിയെങ്കിലും മേൽകൂരയിൽ ടിൻഷീറ്റ് ഉപയോഗിക്കരുതെന്ന ഉത്തരവ് വന്നതിനെ തുടർന്ന് രണ്ടാം നിലയുടെ മുകളിൽ ഓടിടാൻ ഉത്തരവുണ്ടായി. ഒരു മാസത്തിനകം പണികൾ പൂർത്തീകരിക്കാനായിരുന്നു നിർദേശമെങ്കിലും പണികൾ വൈകുകയാണ്.
ഗുഡുസുമുറികളിൽ വിദ്യാർത്ഥികൾ
18സെന്റ് സ്ഥലത്തെ ഗുഡുസുമുറികളിലാണ് കൂട്ടികൾ പഠിക്കുന്നത്. സ്കൂളിലെ എല്ലാ വിദ്യാർഥികളെയും ഒരുമിച്ച് അസംബ്ലിയിൽ നിറുത്താനുള്ള സൗകര്യം ഇല്ല. 1913ൽ പ്രവർത്തനമാരംഭിച്ച സ്കൂൾ കോന്നി ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ 16-ാം തവണയും ഒന്നാമതെത്തിയിരുന്നു. ഉപജില്ലാ ശാസ്ത്രമേള, ജില്ലാ ശിശുദിനമേള,എന്നിവയിലും ഓവറോൾ കിരീടവും സ്കൂൾ നേടിയിരുന്നു.
............
-പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള
സ്കൂളിൽ 614 വിദ്യാർത്ഥികൾ
മുഴുവൻ കുട്ടികൾക്കും ക്ലാസെടുക്കാൻ കഴിയുന്നില്ലെന്ന് അദ്ധ്യാപകർ
-പുതിയ സ്കൂൾ കെട്ടിട നിർമ്മാണം ഇഴയുന്നു