
പത്തനംതിട്ട : സാഹസികതയുടെ അതിശയ കാഴ്ചകളുമായി ജംബോ സർക്കസ് ഹൃദയങ്ങൾ കീഴടക്കുന്നു. ബ്യൂഗിൾ സംഗീതത്തിന്റെയും ഡ്രംസെറ്റ് താളങ്ങളുടെയും അകമ്പടിയിൽ അഭ്യാസപ്രകടനങ്ങൾ നെഞ്ചിടിപ്പിക്കുന്നതാണ്. ഉദ്വേഗത്തിന്റെ മുൾമുനയിലിരുന്ന് ആസ്വദിക്കാവുന്ന സർക്കസ് കൂടാരത്തിൽ ജനത്തിരക്കേറി. നാൽപ്പത് അടി ഉയരത്തിൽ അന്തരീക്ഷത്തിൽ പറന്നും തിരിഞ്ഞും മറിഞ്ഞുമുള്ള ഉൗഞ്ഞാലാട്ടം, അമേരിക്കൻ സർക്കസിൽ കണ്ടുവരുന്ന റിംഗ് ഒാഫ് ഡെക്ക്, റഷ്യൻ കലയായ ഉല്ലാഹു, റിംഗ് ബാലൻസ്, മാന്ത്രിക പ്രകടനങ്ങൾ, സൈക്കിളിംഗ്, പക്ഷികൾ, കുതിരകൾ, ഒട്ടകം, നായകൾ എന്നിവയുടെ അഭ്യാസങ്ങൾ തുടങ്ങി ഇരുപത്തിയാറ് ഇനങ്ങളാണ് ജംബോ സർക്കസിൽ അരങ്ങേറുന്നത്. അഴൂർ ന്യൂ ഇന്ദ്രപ്രസ്ഥ ഗ്രൗണ്ടിൽ ദിവസവും ഉച്ചയ്ക്ക് ഒരുമണി, വൈകിട്ട് നാല് മണി, രാത്രി ഏഴ് മണി എന്നീ സമയങ്ങളിലാണ് പ്രദർശനം. കൊവിഡ് വ്യാപനത്തിന് ശേഷം പൂട്ടിക്കിടന്ന സർക്കസ് തമ്പുകൾ ഉണർന്നത് ജനുവരിയിലാണ്. കായംകുളത്താണ് ജംബോ സർക്കസ് ആദ്യം നടന്നത്. പത്തനംതിട്ടയിൽ രണ്ടാമത്തേതാണ്. ലോക്ക് ഡൗണിൽ പ്രതിസന്ധിയിലായ സർക്കസ് കലാകാരൻമാർക്ക് ഇനി അതിജീവനത്തിന്റെ നാളുകളാണ്. കാണികൾ പഴയ ആവേശത്തോടെ കൂടാരങ്ങളിലെത്തുന്നത് ജംബോ സർക്കസ് ഉടമകൾക്ക് ആശ്വാസം നൽകുന്നു. നേപ്പാൾ, ബംഗാൾ, ആസാം, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നുള്ള മികച്ച കലാകാരൻമാരാണ് ജംബോയിലുള്ളത്.
കൊവിഡ് ലോക്ക് ഡൗണിൽ വരുമാനം നിലച്ചതിനെ തുടർന്ന് സർക്കസ് കലാകാരൻമാർ കൂടാരം വിട്ട് മറ്റുജോലികൾക്ക് പോയിരുന്നു. കൂടുതൽ ഇളവുകൾ ലഭിച്ചതോടെയാണ് സർക്കസ് തമ്പുകളിൽ കളിചിരികൾ ഉയർന്നത്. മറ്റുജോലികൾക്ക് പോയവർ തിരിച്ചുവന്നു. വിസ്മയ പ്രകടനങ്ങളിലെ പുതുമയാണ് ജംബോയുടെ പ്രത്യേകത.
പതിന്നാലാം വയസുമുതൽ സർക്കസ് വേദികളെ കിടിലം കൊളളിച്ച കണ്ണൂർ സ്വദേശി രവീന്ദ്രൻ പനങ്കാവാണ് ജംബോ സർക്കസ് മാനേജർ. നാൽപ്പത് വർഷത്തോളം അദ്ദേഹം സർക്കസ് കളിച്ചു. രാഷ്ട്രപതിയായിരുന്ന വി.വി ഗിരിക്ക് മുന്നിൽ സർക്കസ് പ്രകടനം നടത്തിയിട്ടുണ്ട്. എൺപത്തഞ്ചുകാരനായ രവീന്ദ്രൻ ഇപ്പോൾ പരിശീലകനാണ്. സർക്കസ് കലാകാരൻമാരെ സർക്കാർ അവഗണിക്കുകയാണെന്ന് അദ്ദേഹം പറയുന്നു. സിനിമയ്ക്കും സ്പോർട്സിനും അവാർഡുകൾ നൽകുമ്പോൾ സർക്കസിനെ തഴയുന്നു. ചില വിദേശരാജ്യങ്ങളിൽ സർക്കസ് പാഠ്യപദ്ധതിയാക്കിയിട്ടുണ്ട്. റഷ്യയിൽ സർക്കസിന് സ്കൂളും സർവകലാശാലയുമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് സർക്കസുകാരെ അവശ കലാകാരൻമാരായി പരിഗണിച്ച് 1500രൂപ പെൻഷൻ നൽകുന്നുണ്ട്.