1
റോഡരുകിലെ മിനി എംസി എഫും മാലിന്യവും നീക്കിയ നിലയിൽ

തെങ്ങമം: നാട്ടുകാരെ വലച്ച കൈതയ്ക്കലിലെ മാലിന്യപ്രശ്നത്തിന് പരിഹാരമായി. മാലിന്യം കുന്നുകൂടിയതോടെ ദുർഗന്ധം സഹിക്കാൻ കഴിയാതെ നാട്ടുകാർ കത്തിച്ച മിനി എം.സി.എഫിന്റെ അവശിഷ്ടങ്ങളും അതിനുള്ളിലും പുറത്തുമായി നിക്ഷേപിച്ച മാലിന്യങ്ങളും പഞ്ചായത്ത് അധിക‌ൃതർ നീക്കംചെയ്തു. പള്ളിക്കൽ പഞ്ചായത്തിലെ കൈതയ്ക്കൽ 23-ാം വാർഡിലാണ് ഹരിതകർമ്മ സേനാ അംഗങ്ങൾ വീടുകളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യം റോഡരികിൽ തള്ളിയിരുന്നത്. കൈതയ്ക്കൽ - ഓലിക്കൽ - കളപ്പൻചിറ റോഡരികിൽ തലപ്പാറ കുളത്തിന് സമീപമാണ് ഈ വാർഡിലെ മാലിന്യം സൂക്ഷിക്കാനുള്ള മിനി എം.സി.എഫ് സ്ഥാപിച്ചത്. വീടുകളിൽ നിന്നുള്ള മാലിന്യം ഹരിത കർമ്മസേന ശേഖരിച്ച് എം.സി.എഫിൽ സൂക്ഷിക്കുകയായിരുന്നു. എം.സി.എഫ് നിറഞ്ഞുകവിഞ്ഞ് മാലിന്യം അതിന് വെളിയിലായിട്ടും നീക്കംചെയ്തില്ല. ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ രാത്രിയിൽ ആരോ മാലിന്യത്തിന് തീയിട്ടു. എം.സി.എഫ് അടക്കം കത്തിനശിച്ചു. വീണ്ടും ഇവിടം മാലിന്യം തള്ളുന്ന കേന്ദ്രമായതോടെ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മക്കുറുപ്പ് ഇടപെട്ട് മാലിന്യം തോട്ടുവാ ചന്തയിലുള്ള മെയിൻ എം.സി.എഫിലേക്ക് മാറ്റുകയും കത്തിനശിച്ച മിനി എം.സി.എഫിന്റെ അവശിഷ്ടങ്ങൾ നീക്കുകയുമായിരുന്നു.

ആൾപാർപ്പില്ലാത്ത വിജനമായ പ്രദേശത്താണ് മിനി എം സി എഫ് സ്ഥാപിച്ചതെങ്കിലും മറ്റു പ്രദേശങ്ങളിൽ നിന്ന് അജൈവ മാലിന്യങ്ങൾ ഉൾപ്പടെ ഇവിടെ കൊണ്ടുവന്ന് തള്ളിയതാണ് പ്രശ്നം സൃഷ്ടിച്ചത്. ഇനി എം.സി.എഫ് ഇവിടെ സ്ഥാപിക്കുന്നില്ല. വീടുകളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യം ഹരിതകർമ്മസേനാ അംഗങ്ങൾ മെയിൻ എം .സി. എഫിലേക്ക് കൊണ്ടുപോകും.

സുശീല കുഞ്ഞമ്മ കുറുപ്പ്

പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ്