 
തിരുവല്ല: മഴക്കാലത്ത് വെള്ളക്കെട്ട് പതിവാകുന്ന പെരിങ്ങര ജംഗ്‌ഷനിൽ ഓട നിർമ്മാണ ജോലികൾ തുടങ്ങി. പൊടിയാടി - പെരിങ്ങര കൃഷ്ണപാദം റോഡിൽ പെരിങ്ങര ജംഗ്ഷനിലെ നിത്യദുരിതമായ വെള്ളക്കെട്ട് ഒഴിവാക്കാനായി 20 ലക്ഷം രൂപയാണ് മാത്യു ടി.തോമസ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ചിട്ടുള്ളത്. നിരന്തരം വെള്ളക്കെട്ട് ഉണ്ടാകുന്ന ഭാഗങ്ങളിൽ ഇന്റർലോക്ക് പാകുന്നതിനും ഡ്രെയിനേജ് നിർമ്മിക്കാനും തുക ചെലവഴിക്കും. ജംഗ്‌ഷനിൽ നിന്നും റോഡിന്റെ കിഴക്കുഭാഗത്തുകൂടി കൃഷ്ണപാദം പാലം വരെ കോൺക്രീറ്റ് ഓട നിർമ്മിച്ച് മഴവെള്ളം ചാത്തങ്കരി തോട്ടിലേക്ക് ഒഴുക്കിവിടാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ജെ.സി.ബി ഉപയോഗിച്ച് റോഡിൽ കുഴിയെടുക്കുന്ന ജോലികൾ ഇന്നലെ തുടങ്ങി. ഓട നിർമ്മിക്കുന്നതിന് കുറച്ചുഭാഗത്ത് സ്ഥലം വിട്ടുനൽകാൻ ഭൂഉടമകൾ തയാറായിട്ടുണ്ട്. പാലം വരെ കോൺക്രീറ്റിൽ ഓട നിർമ്മിച്ച് മേൽമൂടി സ്ഥാപിക്കും. ഇതുകൂടാതെ വെള്ളക്കെട്ട് പതിവാകുന്ന കുഴിയിൽ ഇന്റർലോക്ക് കട്ടകൾ പാകി ഉയർത്തിയെടുക്കും.
-എം.എൽ.എഫണ്ടിൽ നിന്ന് 20 ലക്ഷം അനുവദിച്ചു
-വെള്ളക്കെട്ട് പതിവാകുന്ന കുഴിയിൽ ഇന്റർലോക്ക് കട്ടകർ പാകും
നിർമ്മാണ പ്രവർത്തികൾ ഈ മാസം പൂർത്തിയാക്കാനാകും
(പൊതുമരാമത്ത് അധികൃതർ)