vaishnav-
വൈഷ്ണവ് മോഹൻ

റാന്നി: യുക്രൈൻ യുദ്ധഭൂമിയിൽ നിന്ന് ജന്മനാടിന്റെ സുരക്ഷയിലേക്ക് റാന്നി സ്വദേശി വൈഷ്ണവ് മോഹനും മടങ്ങിയെത്തി. റാന്നി ഇടപ്പാവൂർ ഉഷസ് വീട്ടിൽ മോഹൻ, ഉഷ ദമ്പതികളുടെ ഇളയ മകനാണ് 23 കാരനായ വൈഷ്ണവ്. കാർക്കീവ് കാർസിൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നാലാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിയായിരുന്ന വൈഷ്ണവും സംഘവും യുദ്ധം തുടങ്ങിയ ഫെബ്രുവരി ഇരുപത്തിനാല് മുതൽ മാർച്ച് രണ്ടുവരെ ബങ്കറിലും മെട്രോ സ്റ്റേഷനുകളുടെ അണ്ടർഗ്രൗണ്ടുകളിലും അഭയം പ്രാപിച്ചിരിക്കുകയായിരുന്നു. തങ്ങൾ താമസിച്ചിരുന്ന ഫ്ലാറ്റിനു സമീപത്തുവരെ ബോംബുകൾ വന്നു വീണിരുന്നെന്നും കെട്ടിടത്തിന് കുലുക്കം സംഭവിക്കുന്നപോലെ അനുഭവപ്പെട്ടതോടെയാണ് സമീപത്തുള്ള മെട്രോ സ്റ്റേഷൻ അണ്ടർഗ്രൗണ്ടിൽ അഭയം പ്രാപിച്ചതെന്നും വൈഷ്ണവ് പറഞ്ഞു. എങ്ങനെയും ട്രെയിനുകളിൽ കയറിപ്പറ്റി ഹങ്കറി ബോർഡറിൽ എത്താനുള്ള എംബസിയുടെ അറിയിപ്പിനെ തുടർന്ന് കാർക്കീവ് മുതൽ ലെവൈസ് വരെ തിക്കും തിരക്കും നിറഞ്ഞ ട്രെയിനിൽ കയറി 20 മണിക്കൂറോളം യാത്ര ചെയ്താണ് ബോർഡറിൽ എത്തിയത്. ഇന്നലെ അർദ്ധരാത്രിയോടെ എയർ ഏഷ്യ വിമാനത്തിൽ കൊച്ചിയിലെത്തിയ ശേഷം വീട്ടിലേക്ക് വരികയായിരുന്നു. പിതാവ് മോഹനും, സഹോദരൻ വൈശാഖും വിദേശത്താണ്.