k-rail-4
കെ- റെയിലിനെതിരെ ബി,ജെ.പി നടത്തിയ പ്രതിഷേധ മാർച്ച് പൊലീസ് തടഞ്ഞപ്പോൾ

ചെങ്ങന്നൂർ: കെ-റെയിൽ സിൽവർലൈൻ പദ്ധതിയുടെ ഭാഗമായി മുളക്കുഴ പിരളശേരിയിൽ അടയാള കല്ലിടൽ തുടരുന്നു. അധികൃതർക്കെതിരെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാർ ഇന്നലെയുമെത്തി. മുളക്കുഴ ഊരിക്കടവിലും പിരളശേരി മലയിലും രണ്ട് സ്ഥലത്തായാണ് ശനിയാഴ്ച ഉദ്യോഗസ്ഥരെത്തിയത്. ചെങ്ങന്നൂരിൽ മുളക്കുഴ, വെണ്മണി വില്ലേജുകളിലായി ഒൻപതു കിലോമീറ്റർ ദുരമാണ് പദ്ധതിയുടെ ഭാഗമായി വരുന്നത്. 35 കല്ലുകൾ ഇതിനോടകം മുളക്കുഴ വില്ലേജ് പരിധിയിൽ സ്ഥാപിച്ചു. ചെങ്ങന്നൂരിൽ കെ-റെയിലിന്റെ സ്റ്റേഷൻവരുന്ന പിരളശേരി മേഖലയിലടക്കമാണ് പ്രധാനമായും കല്ലിട്ടത്.

വൻ പൊലീസ് സന്നാഹവും സ്ഥലത്തുണ്ടായിരുന്നു. തടയാൻ ശ്രമിച്ചവർക്ക് പരിക്കേറ്റിട്ടുണ്ട്. പുതിയതായി നിർമ്മിച്ച വീടിനു സമീപം കല്ലിടാൻ എത്തിയപ്പോൾ തടഞ്ഞ പിരളശേരി വലിയതറയിൽ ജോർജ് തളർന്നുവീണു.
സമരസമിതി നേതാവ് മധു ചെങ്ങന്നൂരടക്കം അഞ്ചുപേരെ അറസ്റ്റുചെയ്തു. മുളക്കുഴ ഊരിക്കടവിൽ താമരശ്ശേരിൽ കളീക്കൽ സ്റ്റീഫൻ ഏബ്രഹാമിന്റെ വീട്ടിൽ കല്ലിടാൻ ശ്രമിച്ചത് തടഞ്ഞ സ്ത്രീയുടെ വസ്ത്രം വലിച്ചുകീറിയതായും മറ്റൊരു സ്ത്രീയുടെ കൈയ്ക്ക് മുറിവേറ്റതായും നാട്ടുകാർ പറഞ്ഞു.

കല്ലുകൾ പിഴുതെറിഞ്ഞു,

പൊലീസ് ലാത്തിവീശി

ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാറിന്റെ നേതൃത്വത്തിൽ പിരളശേരിയിൽ കല്ലിടൽ നടന്ന പ്രദേശത്തേക്കു മാർച്ച് നടത്തി. തുടർന്ന് പ്രവർത്തകർ കെ-റെയിലിനായി സ്ഥാപിച്ച കല്ല് പിഴുതുമാറ്റി. പൊലീസ് ലാത്തിവീശിയാണ് പ്രവർത്തകരെ നേരിട്ടത്. ചെങ്ങന്നൂർ മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട്, ജനറൽ സെക്രട്ടറി അനീഷ് മുളക്കുഴ, മാന്നാർ മണ്ഡലം പ്രസിഡന്റ് സതീഷ് കൃഷ്ണൻ എന്നിവർക്ക് മർദ്ദനമേറ്റു. ബി.ജെ.പി. ചെങ്ങന്നൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ച് ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂർ മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി സജു ഇടക്കല്ലിൽ മുഖ്യപ്രഭാഷണം നടത്തി. രമേശ് പേരിശ്ശേരി, ഡോ. ഗീത, കലാരമേശ്, സജു കുരുവിള, ശ്രീജ പത്മകുമാർ, രശ്മി സുഭാഷ്, പി.ബി. അഭിലാഷ് തുടങ്ങിയവർ നേതൃത്വം നൽകി.

എം.പി.ക്കെതിരെ രണ്ടുകേസ്


കെ-റെയിൽ സമരവുമായി ബന്ധപ്പെട്ട ആദ്യദിവസത്തെ അറസ്റ്റിനെ തുടർന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി.യുടെ നേതൃത്വത്തിൽ ചെങ്ങന്നൂർ പൊലീസ് സ്റ്റേഷൻ ഉപരോധിക്കുകയും, കല്ലിടൽ പ്രദേശത്തെത്തി പണികൾ നിറുത്തിവയ്ക്കാനും ആവശ്യപ്പെട്ടിരുന്നു. തുടർന്ന് അധികൃതരുമായി വാക്കു തർക്കമുണ്ടായി. സ്റ്റേഷൻ ഉപരോധിച്ചതിനും പൊലീസ്, ഉദ്യോഗസ്ഥ സംഘത്തിനു നേരെ മോശം പദപ്രയോഗം നടത്തിയതിനും എം.പിക്കെതിരെ രണ്ടു കേസുകൾ രജിസ്റ്റർചെയ്തു.

അതേസമയം കേസ് അടിസ്ഥാനരഹിതമാണെന്നും

അപമര്യാദയായി പെരുമാറിയ ചെങ്ങന്നൂർ പൊലീസ് ഇൻസ്‌പെക്ടർ ജോസ് മാത്യുവിനെതിരെ ലോക്സഭാ സ്പീക്കർക്കും, പ്രിവിലേജ് കമ്മിറ്റിയ്ക്കും പരാതി നൽകുമെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി. പറഞ്ഞു