റാന്നി : നിർമ്മാണത്തിലിരിക്കുന്ന റാന്നി വലിയപാലത്തിന്റെ അപ്രോച്ച് റോഡിന് വസ്തു ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥലം ഉടമകളുടെ യോഗം അഡ്വ.പ്രമോദ് നാരായ എം.എൽ.എയുടെ നേതൃത്വത്തിൽ ഇന്ന് ഉച്ചക്ക് രണ്ടിന് റാന്നി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. കിഫ്ബി വഴി നടപ്പാക്കുന്ന റാന്നി വലിയ പാലത്തിൻറെ വസ്തു ഏറ്റെടുക്കൽ നടപടികൾ മന്ദഗതിയിൽ ആയതോടെയാണ് പാലത്തിന്റെ നിർമ്മാണം ഇടയ്ക്കുവച്ച് നിലച്ചത്. ഇപ്പോൾ വസ്തുഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് നടപടികൾ വേഗത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്. അങ്ങാടി കരയിൽ ഉപാസന കടവ് മുതൽ പേട്ട ജംഗ്ഷൻ വരെയും റാന്നി പഞ്ചായത്തിൽ രാമപുരം -ബ്ലോക്ക്പടി റോഡുമാണ് ഏറ്റെടുത്ത് ഉന്നത നിലവാരത്തിൽ വീതികൂട്ടി പുനരുദ്ധരിക്കുന്നത്. കെ.ആർ.എഫ്.ബി അധികൃതരും റവന്യു അധികൃതരും പങ്കെടുക്കുന്ന യോഗത്തിൽ എല്ലാ വസ്തു ഉടമകളും പങ്കെടുക്കണമെന്ന് എം.എൽ.എ അഭ്യർത്ഥിച്ചു.