കോഴഞ്ചേരി: ആറന്മുള പൊലീസ് സ്റ്റേഷൻ ഹൈടെക് കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉച്ചയ്ക്ക് 12ന് ഓൺലൈനായി ഉദ്ഘാടനം ചെയ്യും. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ജില്ലയിലെ ആദ്യ പൊലീസ് സ്റ്റേഷൻ കെട്ടിടമാണ് ആറന്മുളയിൽ പ്രവർത്തനം തുടങ്ങുന്നത്. പ്രളയം നേരിടത്തക്ക വിധം അത്യാധുനിക സൗകര്യങ്ങളോടെ മൂന്ന് നിലയിലാണ് നിർമ്മിച്ചിരിക്കുന്നത്. താഴത്തെ നിലയിൽ പാർക്കിംഗ് ഗ്രൗണ്ട്, ചൈൽഡ് ഫ്രണ്ട്‌ലി റൂം, ഡിസബിലിറ്റി റൂം എന്നിവ. ഒന്നാം നിലയിൽ റിസപ്ഷൻ, ഫീഡിംഗ് റൂം, ട്രാൻസ്‌ജെൻഡർമാർക്കുള്ള ലോക്കപ്പ്, സമ്മേളന ഹാൾ, തൊണ്ടിമുറി, ആയുധം സൂക്ഷിക്കാനുള്ള മുറി, പ്രത്യേകം ശുചിമുറികൾ, എസ്.എച്ച്.ഒയുടെ മുറി, ക്രൈം ക്രമസമാധാന ചുമതലകളുള്ള എസ്‌.ഐമാരുടെ കമ്പ്യൂട്ടർ മുറികൾ. രണ്ടാം നിലയിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് കേസ് എഴുതാനുള്ള മുറികൾ, മെസ് ഹാൾ, വിശ്രമമുറി, ജിംനേഷ്യം.
പൊലീസ് സ്റ്റേഷൻ കെട്ടിട അങ്കണത്തിൽ ചേരുന്ന പൊതുസമ്മേളനത്തിൽ മന്ത്രി വീണാ ജോർജ് അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യാതിഥിയാവും. ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ സ്വാഗതം പറയും. റേഞ്ച് ഡി.ഐ.ജി ആർ. നിശാന്തിനി മുഖ്യപ്രഭാഷണം നടത്തും. പൊതുമരാമത്ത് വകുപ്പ് എൻജിനീയർ ഷീനാ രാജൻ റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിമ്മി ചെറിയാൻ മാത്യു തുടങ്ങിയവർ പങ്കെടുക്കും.