
ആംബുലൻസിൽ പീഡനത്തിനിരയായ
ആറൻമുള പെൺകുട്ടിക്ക് വനിതാ ദിനത്തിൽ പറയാനുള്ളത്
പത്തനംതിട്ട : തളർത്താൻ അനേകരുണ്ടാകും പക്ഷെ വീണുപോകാതെ സൂക്ഷിക്കേണ്ടത് നമ്മുടെ മാത്രം ഉത്തരവാദിത്വമാണ് . കൊവിഡ് രോഗിയായിരിക്കെ ആംബുലൻസിൽ പീഡനത്തിനിരയാകേണ്ടി വന്ന ആറൻമുള സ്വദേശിയായ പെൺകുട്ടിയുടെ വാക്കുകളാണിത്.
വനിതാദിനത്തിൽ മാത്രമല്ല എല്ലായ്പ്പോഴും സ്ത്രീകളുടെ മാനസിക നിലയെക്കുറിച്ച് , അവരുടെ പ്രശ്നങ്ങളെക്കുറിച്ച് അറിയാൻ സമൂഹം ശ്രമിക്കണം.- പെൺകുട്ടി പറയുന്നു.
ആ സംഭവത്തിന് ശേഷവും മുമ്പും എന്ന് ജീവിതത്തെ രണ്ടായി പിരിച്ചെഴുതേണ്ടി വരും. സംഭവം നടക്കുമ്പോൾ വയസ് പതിനെട്ടാണ്. ഇപ്പോൾ ഇരുപത് വയസായി. കൗൺസലിംഗും കേസുമൊക്കെയായി രണ്ട് വർഷം കടന്നുപോകുന്നു. പലരും തളർത്താനായി വന്നു. ദയനീയതയോടെ സംസാരിക്കുന്ന പലരും മാറിനിന്ന് കുറ്റംപറയുന്നത് കണ്ടിട്ടുണ്ട്. പക്ഷേ കൂടെനിന്നവർ ഉണ്ട്. നിസഹായ യായ ഒരു പെണ്ണിന്റെ കൂടെ നിൽക്കുക എന്നത് തന്നെയാണ് ഏറ്റവും വലിയ കരുതൽ.
2020 സെപ്തംബർ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. ജീവിതംതന്നെ മടുത്ത നിമിഷമായിരുന്നു അത്. പക്ഷേ ഇപ്പോൾ ജീവിതത്തോട് ഒരു വാശിയാണ്.
പ്ലസ് ടുവിന് പരാജയപ്പെട്ട വിഷയം എഴുതിയെടുത്തു. ഡ്രൈവിംഗ് പഠിച്ചു. കമ്പ്യൂട്ടർ പഠനവും ടൈപ്പിംഗും ഒപ്പംകൊണ്ടുപോകുന്നുണ്ട്. പ്രായമായ അമ്മയെ ബുദ്ധിമുട്ടിക്കാതെ സ്വന്തംകാലിൽ നിൽക്കാനാണ് ശ്രമിക്കുന്നത്. ഒരു ജോലിക്കായുള്ള ശ്രമമാണ് ഇപ്പോൾ. ജീവിതം മുമ്പോട്ട് കൊണ്ടു പോയെ പറ്റു. അമ്മയ്ക്ക് ആശ്രയമാകണം. നാളെ ഒരവസരത്തിൽ ഒറ്റയ്ക്കായാൽ ജീവിച്ചേ പറ്റു. സംഭവത്തിന് ശേഷം താത്കാലിക ജോലി തരാമെന്ന് സർക്കാർ അധികാരികൾ പറഞ്ഞിരുന്നു. പക്ഷേ എപ്പോൾ വേണമെങ്കിലും പിരിച്ചുവിടാൻ കഴിയുന്ന ജോലി ലഭിച്ചിട്ടെന്ത് കാര്യം. അതുകൊണ്ട് യോഗ്യത അനുസരിച്ചുള്ള സ്ഥിരം ജോലി എന്തെങ്കിലും കണ്ടെത്താനുള്ള ശ്രമത്തിലാണ്. അധികാരികൾ വാക്ക് പാലിക്കുമോയെന്ന് അറിയില്ല. സ്വന്തമായി അദ്ധ്വാനിച്ച് ജീവിക്കണമെന്നാണ് ആഗ്രഹം. എല്ലാ സ്ത്രീകളോടും പറയാനുള്ളത് അതാണ്. നമുക്ക് പഠിക്കാൻ കഴിയുന്ന, ചെയ്യാൻ കഴിയുന്ന സകലതും ചെയ്യണം. തോറ്റുപോകരുത്. മുമ്പോട്ടുതന്നെ നടക്കണം.