 
തെങ്ങമം: മുപ്പത്തിയഞ്ചാം വാർഷികാഘോഷ വേളയിൽ ബ്രദേഴ്സിനെ തേടി മറ്റൊരു അംഗീകാരം കൂടി. നെഹ്റു യുവ കേന്ദ്രയുടെ ഈ വർഷത്തെ ക്ലീൻ ഇന്ത്യ പുരസ്‌കാരം ബ്രദേഴ്‌സ് ഗ്രന്ഥശാല ആൻഡ് സാംസ്കാരിക കേന്ദ്രം
പ്രവർത്തകർ ഏറ്റുവാങ്ങി. ബ്രദേഴ്സിന്റെ പവിഴജൂബിലി ആഘോഷമായ സഫലം @35 ന്റെ ഭാഗമായി സംഘടിപ്പിച്ച പ്ളാസ്റ്റിക് നിർമ്മാർജ്ജനപ്രവർത്തനങ്ങൾ,പൊതു ഇടങ്ങളിലെ ശുചീകരണം,ഗ്രാമസൗന്ദര്യ വൽക്കരണം,സാനിറ്റൈസേഷൻ പ്രവർത്തനങ്ങൾക്കാണ് അവാർഡ്. കൊവിഡ് കാലഘട്ടം മുതൽ തന്നെ നാടിന് കരുത്താകുന്ന നിരവധി പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധേയരായിരുന്നു കൈതയ്ക്കലെ ബ്രദേഴ്‌സ് പ്രവർത്തകർ. ബ്രദേഴ്‌സ് ഗ്രന്ഥശാല ആൻഡ് സാസ്കാരിക കേന്ദ്രത്തിന്റെയും, സംഘടനയുടെ യുവത, വനിതാ വേദി, ബാലവേദി എന്നീ വിഭാഗങ്ങളുടെയും നേതൃത്വത്തിലാണ് വൈവിദ്ധ്യമാർന്ന പരിപാടികൾ നടപ്പിലാക്കുന്നത്. നെഹ്റു യുവകേന്ദ്ര, യുവജനക്ഷേമബോർഡ് എന്നിവരുടെ നിരവധി പുരസ്‌കാരങ്ങൾ മുൻപും ഈ കൂട്ടായ്മയ്ക്ക് ലഭിച്ചിരുന്നു. 35-ാം വാർഷികാഘോഷ വേളയിൽ ലഭിച്ച പുരസ്‌കാരത്തിന് മധുരമേറെയാണ്. ഡപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ അവാർഡ് വിതരണം നടത്തി. നെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ സന്ദീപ് കൃഷ്ണൻ പി.അദ്ധ്യക്ഷത വഹിച്ചു. പത്തനംതിട്ട നഗരസഭാ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ, അസിസ്റ്റന്റ് കളക്ടർ സന്ദീപ് കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ബ്രദേഴ്സ് പ്രസിഡന്റ് വിമൽ കൈതയ്ക്കൽ ,പ്രവർത്തകരായ അരുൺ കുമാർ ആർ.നന്ദു മഠത്തിൽ, അഭിമന്യു ബി.രാഹുൽ കൈതയ്ക്കൽ,സുജിത് കുമാർ എസ്. ഗോവിന്ദ് എന്നവർ അവാർഡ് ഏറ്റുവാങ്ങി. പ്രസിഡന്റ് വിമൽ കൈതയ്ക്കൽ, സെക്രട്ടറി ജയകുമാർ.പി,ട്രഷറർ വിമൽ കുമാർ.എസ് എന്നിവരാണ് ബ്രദേഴ്സിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.