teacher

പത്തനംതിട്ട : എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചതോടെ വരും ദിവസങ്ങളിൽ പാഠഭാഗങ്ങൾ തീർക്കാനുള്ള നെട്ടോട്ടത്തിലാകും അദ്ധ്യാപകർ. എസ്.എസ്.എൽ.സി പരീക്ഷ ഇൗ മാസം 31നും പ്ളസ് ടു പരീക്ഷ 30നുമാണ് ആരംഭിക്കുന്നത്. പരീക്ഷക്കാലം വേഗം എത്തുമെന്ന് പ്രതീക്ഷിച്ചില്ലെന്നാണ് അദ്ധ്യാപകരും വിദ്യാർത്ഥികളും പറയുന്നത്.

പരീക്ഷയ്ക്കു മുമ്പായി കുട്ടികൾക്ക് ആവശ്യമായ തയാറെടുപ്പുകൾക്കുള്ള സമയം ലഭിച്ചിട്ടില്ലെന്ന് പരാതി ഉയരുന്നുണ്ട്. പാഠഭാഗങ്ങൾ തീർക്കാൻ സ്‌കൂളുകളിൽ സ്‌പെഷ്യൽ ക്ലാസുകൾ നടന്നുവരികയാണ്. ഓൺലൈനിലൂടെയും ക്ളാസുകൾ നൽകിവരുന്നു. അടുത്ത രണ്ടാഴ്ച തിരക്കിട്ട അദ്ധ്യാപനമാകും സ്‌കൂളുകളിൽ നടത്തേണ്ടി വരിക. ജൂൺ മുതൽ അദ്ധ്യയനവർഷം പഴയതുപോലെ ആക്കുകയെന്ന ലക്ഷ്യവുമായാണ് ഇത്തവണ പരീക്ഷകൾ കൃത്യമായി നടത്തുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറയുന്നു.
ആരംഭത്തിൽ ഒാൺലൈനായും അവസാനം ഒഫ് ലൈനായുമായാണ് ഇൗ അദ്ധ്യയന വർഷത്തിൽ ക്ളാസുകൾ നടന്നത്. കൊവിഡ് വ്യാപനത്തെ തുടർന്ന് ജനുവരിയിൽ വിദ്യാലയങ്ങൾ അടച്ചു. ഫെബ്രുവരി 21ന് വീണ്ടും തുറന്നു.

ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികൾക്കും ഇത്തവണ പരീക്ഷയുണ്ട്. ഒന്നു മുതൽ നാലുവരെയുള്ള ക്ലാസുകാർക്ക് വർക്ക് ഷീറ്റ് നൽകിയുള്ള മൂല്യനിർണയമാണ് നടക്കുന്നത്. പ്രൈമറി ക്ലാസുകളിൽ ഓൺലൈൻ പഠനം കുട്ടികൾക്ക് ഗുണകരമായിട്ടില്ലെന്ന വിലയിരുത്തൽ പൊതുവേയുണ്ട്. രണ്ടാംക്ലാസുകാർ ക്ലാസ് മുറികൾ കണ്ടത് ഇക്കൊല്ലമാണ്. താഴ്ന്ന ക്ലാസുകളിലെ കുട്ടികൾക്ക് അക്ഷരം പഠിക്കാൻ നേരിട്ട് ക്ലാസുകളിലെത്തിയേ മതിയാകൂ. പ്രൈമറി ക്ലാസുകളിൽ പഠനവും പരീക്ഷയുമൊക്കെ മറന്ന നിലയിലായിരുന്നു കുട്ടികൾ. എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകൾക്ക് നാല്, ഏഴ് ക്ലാസ് വിദ്യാർഥികൾ തയാറെടുക്കുന്നുണ്ട്. ഈ പരീക്ഷകളും എസ്.എസ്.എൽ.സി കാലയളവിലാണ്. കഴിഞ്ഞവർഷത്തെ എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകൾ കഴിഞ്ഞയിടെയാണ് പൂർത്തിയായത്.

'' പരീക്ഷ പെട്ടന്ന് പ്രതീക്ഷിച്ചില്ല. ക്ളാസുകൾ പരമാവധി തീർക്കാൻ അദ്ധ്യാപകർ ശ്രമിച്ചിട്ടുണ്ട്.

സ്നേഹ മറിയം, പത്താം ക്ളാസ് വിദ്യാർത്ഥിനി.