gopooja
ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ദീപംതെളിക്കൽ അശ്വതി തിരുനാൾ ഗൗരിലക്ഷ്മീഭായ് തമ്പുരാട്ടി നിർവഹിക്കുന്നു

തിരുവല്ല: ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഗോപൂജ നടത്തി. ശ്രീകോവിലിൽനിന്നു പകർന്ന ദീപം അശ്വതി തിരുനാൾ ഗൗരിലക്ഷ്മീഭായ് തമ്പുരാട്ടി കൊടിമരച്ചുവട്ടിലെ നിലവിളക്കിൽ കൊളുത്തി. ഇടയ്ക്കാട് കൃഷ്ണൻ നമ്പൂതിരി മന്ത്രാേച്ചാരണങ്ങളോടെ ഗോപൂജ നടത്തി. തിരുപ്പതി ഭഗവാന് അഭിഷേകത്തിനും നേദിക്കാനും പാൽപ്പായസം തയാറാക്കാനും പാൽ നൽകുന്ന ആന്ധ്രാപ്രദേശിലെ പുംഗാരു ഇനത്തിൽപ്പെട്ട നാടൻ പശുക്കളെയാണ് പൂജിച്ചത്. ശ്രീവല്ലഭനു നേദിച്ച ചോറും പഴവും പശുക്കൾക്കു പ്രസാദമായി നൽകി. ഗോപൂജയ്ക്ക് ശ്രീവല്ലഭേശ്വര മതപാഠശാലയിലും ശങ്കരമംഗലത്തുമഠത്തിലെ ലക്ഷ്മീനാരായണ മതപാഠശാലയിലും അനിരുദ്ധേശ്വര ക്ഷേത്ര മതപാഠശാലയിലും പഠിതാക്കൾ വിഷ്ണു സഹസ്രനാമസ്തോത്രം പാരായണം ചെയ്തു. ഗോപൂജയും ഗോപാലനവും ഭാരതീയസംസ്കൃതിയുടെ അവിഭാജ്യഘടകങ്ങളെന്ന നിലയിൽ നിർബന്ധമായും ഗോസംരക്ഷണം പാലിക്കണമെന്ന് അശ്വതി തിരുനാൾ തമ്പുരാട്ടി പറഞ്ഞു. മുൻകാലത്ത് വേദാധ്യയനത്തിനു പ്രാധാന്യം നൽകി തിരുവല്ലാ ശാലയുൾപ്പെടെ ആറുശാലകൾ തിരുവിതാംകൂറിൽ പ്രവർത്തിച്ചിരുന്നതായും അമൂല്യമായ ഭാരതീയസംസ്കൃതിയുടെ സന്ദേശവും പ്രാധാന്യവും കുട്ടികളിലേക്ക് പകരാൻ മതപാഠശാലകൾ പ്രാമുഖ്യം നൽകണമെന്നും അവർ പറഞ്ഞു. കേരള ക്ഷേത്രസംരക്ഷണസമിതി ജില്ലാപ്രസിഡന്റ് ഹരികൃഷ്ണൻ എസ്.പിള്ള ആമുഖപ്രസംഗം നത്തി. അഡ്ഹോക് കമ്മിറ്റി കൺവീനർ ആർ.പി.ശ്രീകുമാർ ശ്രീപദ്മം, ജോ.കൺവീനർ വി.ശ്രീകുമാർ കൊങ്ങരേട്ട്, അംഗങ്ങളായ ഗണേശ് എസ്.പിള്ള, കെ.എ.സന്തോഷ്കുമാർ,പി.എം.നന്ദകുമാർ,ആർ.രാജശേഖരൻ നായർ, രാജീവ് രഘു,വികസനസമിതിയംഗം കെ.രാധാകൃഷ്ണൻ,എ.കെ.സദാനന്ദൻ, ശ്രീവല്ലഭേശ്വര അന്നദാനസമിതി വൈസ് പ്രസിഡന്റ് രാജമ്മ രാഘവൻനായർ എന്നിവർ പങ്കെടുത്തു. മതപാഠശാലാദ്ധ്യാപകരായ മോഹനകുമാർ, രാജേശ്വരിയമ്മ, ജയലക്ഷ്മി എന്നിവർ സഹസ്രനാമ പാരായണത്തിന് നേതൃത്വം നൽകി.