പന്തളം: തുമ്പമൺ പഞ്ചായത്തിൽ ഭവന പദ്ധതിയ്ക്കു മുൻതൂക്കം നല്കി 94,570,000 രൂപ വരവും 93,440,000 രൂപ ചിലവും 1,130,000 മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് അവതരിപ്പിച്ചു. ഭവന പദ്ധതിക്ക് 50 ലക്ഷം രൂപയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രളയബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തം നടത്തുന്നതിനു ദുരന്തനിവാരണ പദ്ധതിയിൽ ഫൈബർ ബോട്ടുകൾ വാങ്ങുന്നതിനും, ദാരിദ്ര്യനിവാരണത്തിനു മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതിയ്ക്കുമായി ഒരുകോടി 40 ലക്ഷം രൂപയും മാറ്റി വച്ചിട്ടുണ്ട്. ഉത്പാദന, കാർഷിക മേഖലകളിൽ ഉണർവുണ്ടാക്കുന്നതിനായി സ്ഥിരം പദ്ധതികൾ നടപ്പാക്കും. 'ആരോഗ്യമേഖലയിൽ 'ട്രാൻസ്‌ഫോം തുമ്പമൺ' എന്ന സവിശേഷ പദ്ധതിയിൽ ഓരോ കുടുംബത്തിനും അംഗങ്ങളുടെ ആരോഗ്യ വിവരങ്ങളടങ്ങിയ സ്മാർട്ട് കാർഡ് ലഭ്യമാക്കും. പ്രമേഹമുൾപ്പെടെയുള്ള ജീവിതശൈലി രോഗങ്ങൾക്കൈതിരെയുള്ള പ്രതിരോധത്തിനും തിമിരത്തിനു കൃത്യമായ ചികിത്സ ലഭിക്കുന്നതിനും തുക വകയിരുത്തിയിട്ടുണ്ട്. പാടശേഖര സമിതികൾക്ക് ജലസേചനത്തിനായി മോട്ടോറുകൾ സ്ഥാപിക്കും. ചെറുതോടുകളുടെ ആഴം കൂട്ടുന്നതിനു പ്രത്യേക പദ്ധതി. മുട്ടക്കോഴി ഉത്പാദനത്തിന് എഗ്ഗർ നഴ്സറി സ്ഥാപിക്കും. കുടുംബശ്രീയെ ഉൾപ്പെടുത്തി നവീന പദ്ധതികൾ ആവിഷ്‌കരിക്കും. പ്രസിഡന്റ് റോണി സഖറിയയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ബഡ്ജറ്റ് സമ്മേളനത്തിൽ വൈസ് പ്രസിഡന്റ് അഡ്വ.രാജേഷ് കുമാറാണ് ബഡ്ജറ്റ് അവതരിപ്പിച്ചത്.