ഇലന്തൂർ: ഭഗവതിക്കുന്ന് ദേവീ ക്ഷേത്രത്തിലെ പടയണിക്ക് ഇന്ന് ചൂട്ട് വയ്ക്കും. ഓലച്ചൂട്ടിൽ അഗ്‌നി പകർന്ന് പച്ചത്തപ്പിൽ ജീവയുടെ നാദം ഉയരുന്നതോടെ പടയണിക്ക് തുടക്കമാവും. ഇന്ന് രാവിലെ 10ന് ഗ്രാമദേവതയ്ക്ക് മുമ്പിൽ 101 കലം മഹാനൈവേദ്യം നടക്കും. വിളവെടുപ്പ് ഉത്സവത്തിന്റെ സ്മരണകൾ ഉയർത്തി 101 കലങ്ങളിലായി കരവാസികൾ പുന്നെല്ലിന്റെ ചോറ് തയാറാക്കി അമ്മയുടെ മുമ്പിൽ സമർപ്പിക്കുന്നതോടെ ഉത്സവത്തിനോട് അനുബന്ധിച്ചുള്ള ആദ്യ ചടങ്ങിന് തുടക്കമാവും. തുടർന്ന് രാത്രിയിൽ ക്ഷേത്ര ചടങ്ങുകൾക്ക് ശേഷം നാരായണമംഗലത്തില്ലം ഹരികൃഷ്ണൻ പോറ്റി ശ്രീകോവിലിൽ നിന്നും പകർന്ന് നൽകുന്ന ദീപത്തിൽ നിന്നും കൊളുത്തുന്ന ചൂട്ടുകറ്റ പടയണി ആശാൻ ഏറ്റവാങ്ങി ചൂട്ട് വലത്തിന് ശേഷം പടയണിക്കളത്തിന്റെ കന്നിക്കോണിൽ കരക്കാരുടെ അനുവാദത്തോടെ സ്ഥാപിക്കുന്നു. തുടർന്ന് പച്ചത്തപ്പിൽ ജീവകൊട്ടുന്നതോടെ ഈ വർഷത്തെ പടയണി ഉത്സവത്തിന്റെ ആദ്യ ചടങ്ങിന് ആരംഭമാവും. തുടർന്നുള്ള മൂന്ന് രാവുകളിലും ചൂട്ട് വലത്തിന് ശേഷം പച്ചത്തപ്പിൽ ജീവ കൊട്ടി കാവുണർത്തൽ ചടങ്ങ് നടക്കും. ഒന്നാം പടയണി ദിനമായ 11ന് മണ്ണുംഭാഗം കരയുടെ കരപടയണി നടക്കും, 12ന് ഇലന്തൂർ കിഴക്ക് കരയുടെ കരപടയണി, 13ന് മേക്ക് കരയുടെ കരപടയണി, 14ന് കൂട്ടകോലം 15ന് കൂട്ടകോലം,16ന് പരിയാരം കരയുടെ കരപടയണി, 17ന് ഇടപടയണി, 18ന് നടക്കുന്ന വല്യപടയണിയോടെ സമാപനം കുറിക്കും.ഏഴു ദിവസങ്ങളിലും കൂട്ടകോലങ്ങളിൽപ്പെട്ട പിശാച്, മറുത,സുന്ദരയക്ഷി, കാലൻ, ഭൈരവി എന്നീ കോലങ്ങളെ കൂടാതെയുള്ള വിശേഷാൽ കോലങ്ങളും പടയണിക്കളത്തിൽ തുള്ളിയൊഴിയുന്ന ചടങ്ങുകൾ നടക്കും. എട്ടാം ദിവസത്തെ വല്യ പടയണി ദിവസം ഏഴു ദിവസങ്ങളിൽ കളത്തിൽ വന്ന കോലങ്ങളും വല്യ പടയണി ചടങ്ങായ താവടി, പുലവൃത്തം, പടയണിവിനോദങ്ങളും കളത്തിൽ അരങ്ങേറും, പുലർച്ചെ മംഗള ഭൈരവി തുള്ളി പൂപ്പടയോടെ പടയണി ചടങ്ങുകൾ അവസാനിക്കും.