
കൊടുമൺ : ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലയിലെ ഹയർസെക്കൻഡറി വിജയശതമാനം ഉയർത്തുന്നതിന് 'നമ്മളെത്തും മുന്നിലെത്തും' പദ്ധതിയുടെ ഭാഗമായി രണ്ടാം വർഷ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് സൗജന്യമായി നൽകുന്ന പഠനസഹായികളുടെ വിതരണോദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 12ന് അടൂർ ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ നിർവഹിക്കും. ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.അജയകുമാർ അദ്ധ്യക്ഷതവഹിക്കും. 15 വിഷയങ്ങൾക്കാണ് പ്രത്യേക പഠനസഹായികൾ തയ്യാറാക്കിയിട്ടുള്ളത്. ഇംഗ്ലീഷ്, ഇക്കണോമിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, സുവോളജി ,ബോട്ടണി, കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, അക്കൗണ്ടൻസി, ബിസിനസ് സ്റ്റഡീസ് ജോഗ്രഫി, ഹിസ്റ്ററി ,സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ് എന്നീ വിഷയങ്ങൾക്കാണ് പഠനസഹായികൾ തയ്യാറാക്കിയിട്ടുള്ളത്. ഒന്നാംവർഷക്കാർക്ക് പഠനസഹായികൾ തയ്യാറായി വരുന്നു. സ്‌കൂളധികൃതർ അടൂർ ഗവ.ബോയ്‌സ് സ്‌കൂളിൽ നിന്ന് കൈപ്പറ്റണമെന്ന് ജില്ലാ പഞ്ചായത്ത് അധികൃതർ അറിയിച്ചു.