ചെങ്ങന്നൂർ: രൂക്ഷമായ കൈയേറ്റത്താൽ ഇല്ലാതായ ഉത്തരപ്പളളിയാറിന്റെ പുനരുജ്ജീവനം സാദ്ധ്യമാകുന്നു. ആലാ റൂറൽ ആൻഡ് കൾച്ചറൽ സൊസൈറ്റിയുടെയും, പരിസ്ഥിതി പ്രവർത്തകനും അദ്ധ്യാപകനുമായ പ്രേംദാസ് ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് കോടതിയുടെ നിർദ്ദേശ പ്രകാരം സർക്കാ‌ർ നദി വീണ്ടെടുക്കാൻ ഉത്തരവിറക്കി. നദി ഇല്ലാതായതിനെക്കുറിച്ച് കേരളകൗമുദി വാർത്താ പരമ്പര എഴുതിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലും നാട്ടുകാരുടെയും പരിസ്ഥിതി പ്രവർത്തകരുടെയും സമ്മർദ്ദത്തെ തുടർന്നും അന്നത്തെ എം.എൽ.എ കെ.കെ രാമചന്ദ്രൻ നായർ വരട്ടാർ പുനരുജ്ജീവനത്തിനാവശ്യമായ നടപടികൾ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി നദിയൊഴുകിയിരുന്ന ഏതാനും പഞ്ചായത്തുകളിൽ അളവു നടത്തുകയും കൈയേറ്റം ഒഴുപ്പിക്കുവാൻ നടപടികളാരംഭിക്കുയും ചെയ്തു. എന്നാൽ എം.എൽ.എയുടെ മരണശേഷം ഉത്രപ്പള്ളിയാറിന്റെ പുനരുജ്ജീവനം നിലച്ചു. ഇതോടെയാണ് പരിസ്ഥിതി പ്രവർത്തകർ കോടതിയെ സമീപിച്ചത്. നിലവിൽ 48 കൈയേറ്റങ്ങൾ കണ്ടെത്തിയിട്ടുണ്ട്. വെണ്മണി 33, ആല 13. ചെറിയനാട് 2 എന്നിങ്ങനെയാണ് കൈയേറ്റങ്ങളുടെ എണ്ണം. പുലിയൂർ എണ്ണക്കാട് പഞ്ചായത്തുകളിൽ സർവേ നടത്താൻ കഴിഞ്ഞില്ല. ഈ പഞ്ചായത്തുകളിൽ കൈയേറ്റം മൂലം നദി പൂർണമായി അപ്രത്യക്ഷമായി. ഇവിടെ ലിപ്തോമാപ്പുപയോഗിച്ച് അളവ് നടത്താനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.