 
ചെങ്ങന്നൂർ: കെ - റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി ജില്ലാ കമ്മിറ്റിയംഗം സിന്ധു ജെയിംസിനെ ജയിലിൽ അടച്ചത് ഇടതു സർക്കാരിന്റെ കിരാതമായ നടപടിയാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് നടന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ത്രീകളടക്കം നിരവധി പേർ സമരം ചെയ്തതിൽ സിന്ധു ജെയിംസിനെ മാത്രം റിമാൻഡ് ചെയ്യുകയും തിരുവനന്തപുരം അട്ടകുളങ്ങര ജയിലിലാക്കുകയും ചെയ്തതിനു പിന്നിൽ ദുരൂഹതയുണ്ട്. സർക്കാരും പൊലീസും സമരക്കാർക്കെതിരെ എന്ത് അതിക്രമങ്ങൾ നടത്തിയാലും സമരത്തിൽ നിന്ന് ഒരാൾപോലും പിൻമാറില്ലെന്ന് അദ്ദേഹം പറഞ്ഞു. എസ്. സൗഭാഗ്യ കുമാരി അദ്ധ്യക്ഷത വഹിച്ചു. സമര സമിതി സംസ്ഥാന ജനറൽ കൺവീനർ എസ്.രാജീവൻ, സംസ്ഥാന സമിതി അംഗം മിനി.കെ. ഫിലിപ്പ്, ജില്ലാ കൺവീനർ മധു ചെങ്ങന്നൂർ എന്നിവർ പ്രസംഗിച്ചു. പ്രകടനത്തിന് സംസ്ഥാന നേതാക്കളായ ഷൈല, കെ.ജോൺ, കെ.എം.ബീവി, എസ്. രാധാമണി, ശരണ്യരാജ് എന്നിവർ നേതൃത്വം നൽകി.