പ്രമാടം : തകർന്ന് തരിപ്പണമായ കിടങ്ങേത്ത് മുക്ക് കുറ്റിയിൽപടി - പുതുപറമ്പ് റോഡിൽ യാത്രാ ദുരിതം. ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന എലിസബേത്ത് അബുവിന്റെ പ്രാദേശിക റോഡ് വികസന ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ അനുവദിച്ച് ടെണ്ടർ നടപടികളും പൂർത്തീകരിച്ച് രണ്ട് വർഷമായെങ്കിലും തുടർ നടപടികൾ അനന്തമായി നീളുകയാണ്. കരാറുകാരന്റെ അനാസ്ഥയാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നുണ്ടെങ്കിലും നടപടികൾക്ക് തയാറായിട്ടില്ല. ഇതേ കരാറുകാരൻ പലയിടങ്ങളിലും ഇപ്പോഴും ജോലികൾ ചെയ്യുന്നുമുണ്ട്. നിലവിലുള്ള ജനപ്രതിനിധികൾ നിരവധി തവണ കരാറുകാരൻ ഉൾപ്പടെയുള്ളവരുമായി ബന്ധപ്പെടുന്നുണ്ടെങ്കിലും പ്രയോജനമുണ്ടായിട്ടില്ല. വള്ളിക്കോട് പഞ്ചായത്തിൽപ്പെടുന്ന പ്രദേശമാണിത്. പ്രമാടം പഞ്ചായത്തുകാർക്കും ഏറെ പ്രയോജനകരമാണ് ഈ റോഡ്. ഒന്നര കിലോമീറ്റർ ഭാഗം പൂർണമായും തകർന്നതോടെ ഓട്ടോറിക്ഷ പോലും ഈ പ്രദേശത്തേക്ക് ഓട്ടം വരാറില്ലെന്ന് നാട്ടുകാർ പറയുന്നു. ഇതു മൂലം ആശുപത്രയിൽ പോകേണ്ട രോഗികൾ ഉൾപ്പെടെ ദുരിതത്തിലാണ്. ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും ഇവിടെ പതിവാണ്. തെക്കേടത്, പുന്തലത്തുപടി, താഴൂർ ഭഗവതിക്ഷേത്രം, വി.കോട്ടയം , പത്തനംതിട്ട എന്നിവിടങ്ങിലേക്ക് എത്താനുള്ള പ്രദേശത്തെ പ്രധാന പാതകൂടിയാണിത്.
...................
രാഷ്ട്രീയ വിരോധമാണ് റോഡ് പണി വൈകിപ്പിക്കാൻ കാരണം. റീ ടാറിംഗ് നടത്തി യാത്രാ ക്ളേശം പരിഹരിക്കാൻ ബന്ധപ്പെട്ടവർ അടിയന്തര നടപടി സ്വീകരിക്കണം.
(നാട്ടുകാർ)
..................
ഒന്നര കിലോമീറ്റർ പൂർണമായും തകർന്നു
ഇരു ചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവ്
-10 ലക്ഷം അനുവദിച്ചിട്ട് 2 വർഷം