1
മല്ലപ്പള്ളി പ്രൈവറ്റ് ബസ്റ്റാന്റിലെ വൈകുന്നേരം ബസിനായി കാത്തിരിപ്പ് നടത്തുന്ന യാത്രക്കാർ

മല്ലപ്പള്ളി : കൊവിഡ് കാലത്തിനുശേഷം മല്ലപ്പള്ളിയിൽ ബസുകൾ പലതും നിലച്ചതോടെ തിരുവല്ല,​ റാന്നി , കോഴഞ്ചേരി, ആനിക്കാട് റൂട്ടിൽ യാത്രാദുരിതം. രണ്ട് കെ.എസ്.ആർ.ടി.സി ബസുകളും സ്വകാര്യബസുകളും നിറുത്തിയതോടെയാണ് യാത്രാദുരിതം ഏറിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നതോടെ വിദ്യാർത്ഥികൾ വലയുകയാണ്. തിരുവല്ലയിൽ നിന്ന് വെണ്ണിക്കുളം, വാളക്കുഴി, തീയാടിക്കൽ, വൃന്ദാവനം, കണ്ടംപേരൂർ വഴിയുണ്ടായിരുന്ന കെ.എസ്.ആർ.ടി.സി ബസ് കൊവിഡ് കാലത്തിനുശേഷം പുനരാരംഭിച്ചിട്ടില്ല. രാത്രി 9.30ന് തിരുവല്ലയിൽ നിന്നു പുറപ്പെട്ട് വാളക്കുഴി വഴി എഴുമറ്റൂരിലെത്തി സ്റ്റേ ചെയ്തിരുന്ന സർവീസായിരുന്നു ഇത്. പുലർച്ചെ തിരുവല്ലയിലേക്കുള്ള യാത്രക്കാർക്ക് ഈ റൂട്ടിൽ ഏറെ സൗകര്യപ്രദമായിരുന്നു. തിരികെ റാന്നിയിലേക്കും ഓഫീസ് സമയത്ത് തിരുവല്ല ഭാഗത്തേക്കും നിരവധി യാത്രക്കാരാണ് ബസിനെ ആശ്രയിച്ചിരുന്നത്. വൈകുന്നേരത്തെ ട്രിപ്പും യാത്രക്കാർ ഏറെ പ്രയോജനപ്പെട്ടിരുന്നു. മല്ലപ്പള്ളിയിൽ നിന്നു തന്നെ വെണ്ണിക്കുളം, കോഴഞ്ചേരി, വൃന്ദാവനം, കണ്ടൻപേരൂർ, റാന്നി യാത്ര ബസുകൾ പലതും റൂട്ട് പാതി വഴിയിൽ നിറുത്തി. റാന്നിയിലേക്കുണ്ടായിരുന്ന മറ്റൊരു കെ.എസ്.ആർ.ടി.സി ബസും നിറുത്തിവച്ചിരിക്കുകയാണ്. രാത്രി ഏഴിനുശേഷം റാന്നിയിൽ നിന്നുണ്ടായിരുന്ന ഏക സർവീസുമായിരുന്നു ഇത്. തിരുവല്ല റൂട്ടിലെ സ്വകാര്യബസുകൾ നല്ലൊരു പങ്കും സർവീസ് അവസാനിപ്പിച്ചിരിക്കുകയാണ്. കണ്ടംപേരൂർ, വൃന്ദാവനം വഴി തിരുവല്ല റാന്നി റൂട്ടിലും മുക്കുഴി, വൃന്ദാവനം, വെള്ളയിൽ വഴി തിരുവല്ല, വൃന്ദാവനം, തടിയൂർ, തിരുവല്ല വഴി തൃക്കുന്നപ്പുഴ തുടങ്ങിയ റൂട്ടിലുള്ള ബസുകൾ ഓടുന്നില്ല. രാവിലെ തിരുവല്ലയിലേക്കുള്ള ആനിക്കാട്, നൂറാംമാവ്, പുല്ലുകുത്തി യാത്രകളും സർവീസുകളുടെ കുറവും പല സ്വകാര്യ ബസുകൾ നിറുത്തലാക്കിയതും യാത്രാ ക്ലേശത്തിന് വഴിയൊരുക്കി. അധികൃതരുടെ ശക്തമായ ഇടപെടൽ ഉണ്ടാകണമെന്നാണ് യാത്രക്കാരും നാട്ടുകാരും ആവശ്യപ്പെടുന്നത്

.......................................
സ്‌കൂൾ വിട്ട് വീട്ടിലേക്ക് എത്തുന്നതിന് ബസുകൾ സമയത്ത് കിട്ടാത്തതും വരുന്ന ബസുകളിലെ തിരക്കും യാത്ര ദുരിതത്തിലാക്കുന്നു

അശ്വവിൻ സുനിൽ

(സ്‌കൂൾ വിദ്യാർത്ഥി)