 
മല്ലപ്പള്ളി :കോട്ടാങ്ങൽ മഹാ ഭദ്രകാളി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഭക്തിസാന്ദ്രമായി. കോട്ടാങ്ങൽ - കല്ലൂപ്പാറ ഭഗവതി മാരുടെ ദർശനം ഒരേ നാളിൽ ലഭിക്കുന്നു എന്നതിനാൽ നിരവധി ഭക്തജനങ്ങളാണ് ക്ഷേത്രദർശനത്തിനും, പൊങ്കാല സമർപ്പണത്തിനുമായി എത്തിയത്. രാവിലെ കാവും കടവിൽ നിന്നും കല്ലൂപ്പാറ ഭഗവതിയെ എതിരേറ്റ് ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിച്ചു. തുടർന്ന് ഇരു ഭഗവതിമാർക്കും വിശേഷാൽ പൂജകൾ നടന്നു.തന്ത്രിമുഖ്യൻ കുഴിക്കാട്ട് ഇല്ലത്ത് അഗ്നിശർമ്മൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിലാണ് പൊങ്കാല ചടങ്ങുകൾ നടന്നത്. ക്ഷേത്ര മേൽശാന്തി വിശ്യനാഥ് പി. നമ്പൂതിരി സഹകാർമികത്വം വഹിച്ചു. പൊങ്കാല മഹോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പാലാ അരുണാപുരം ശ്രീരാമകൃഷ്ണ മഠം മഠാധിപതി സ്വാമി വീത സംഗാനന്ദ നിർവഹിച്ചു. കോട്ടാങ്ങൽ ദേവസ്വം പ്രസിഡന്റ് സുനിൽ വെള്ളിക്കര അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അയ്യപ്പസേവാസംഘം സ്റ്റേറ്റ് പ്രസിഡന്റ് നരേന്ദ്രനാഥൻ നായർ, ക്ഷേത്ര ഭരണസമിതി അംഗങ്ങളായ ഹരികുമാർ കെ.കെ.ദേവസ്വം സെക്രട്ടറി സുനിൽ താന്നിക്കപോയ്കയിൽ എന്നിവർ പ്രസംഗിച്ചു.