ശബരിമല : പത്തുദിവസം നീണ്ടുനിൽക്കുന്ന പൈങ്കുനി ഉത്രം മഹോത്സവത്തിനും മീനമാസപൂജകൾക്കുമായി ശബരിമല ശ്രീധർമ്മശാസ്താക്ഷേത്രനട 8 ന് വൈകിട്ട് 5 ന് തുറക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരി നട തുറന്ന് ദീപങ്ങൾ തെളിക്കും. രാത്രി 7 മുതൽ പ്രാസാദ ശുദ്ധിക്രിയകൾ നടക്കും. നട തുറക്കുന്ന ദിവസം ഭക്തർക്ക് ദർശനത്തിന് അനുമതിയില്ല. 9 മുതൽ നട അടയ്ക്കുന്ന 19 വരെ ദർശനം നടത്താം. വെർച്വൽ ക്യൂ സംവിധാനത്തിലൂടെ പ്രതിദിനം 15,000 ഭക്തർക്ക് ദർശനത്തിന് അവസരം നൽകും. നിലയ്ക്കലിൽ എത്തുന്നവർക്ക് സ്‌പോട്ട് ബുക്കിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.

9 ന് 10.30 നും 11.30 നും മദ്ധ്യേ തന്ത്രി കണ്ഠരര് മഹേഷ് മോഹനര് ഉത്സവത്തിന് കൊടിയേറ്റും. ഉത്സവത്തിന് സമാപനം കുറിച്ച് 18ന് ഉച്ചയ്ക്ക് പമ്പയിൽ ആറാട്ട് നടക്കും. ആറാട്ട് ഘോഷയാത്ര തിരികെ സന്നിധാനത്ത് എത്തിച്ചേരുമ്പോൾ കൊടിയിറക്ക് ചടങ്ങ് നടക്കും. ഉത്സവവും മീനമാസപൂജയും ഇക്കുറി ഒരുമിച്ചാണ് വരുന്നത്. മീനമാസ പൂജ 14 മുതൽ 19 വരെയാണ്.