acidents
ഉണ്ടപ്ലാവ് ജംഗ്‌ഷനിൽ നിയന്ത്രണംവിട്ട് വൈദ്യുത പോസ്റ്റിലിടിച്ച കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസ്

തിരുവല്ല: നിർമ്മാണം പുരോഗമിക്കുന്ന തിരുവല്ല - കായംകുളം സംസ്ഥാന പാതയിലെ ഉണ്ടപ്ലാവിൽ നിയന്ത്രണം നഷ്ടപ്പെട്ട കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസ് വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറി. യാത്രക്കാർ ഉൾപ്പെടെ 12 പേർ ബസിൽ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. തൃശൂരിൽ നിന്നും ആലപ്പുഴ വഴി പുനലൂരിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് 1.45ന് ഉണ്ടപ്ലാവ് ജംഗ്ഷനിലെ വളവിൽ ആയിരുന്നു അപകടം. വളവ് തിരിയാതെ മുന്നോട്ടുപോയ ബസ്‌ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു നിൽക്കുകയായിരുന്നു. ബസിന്റെ മുൻഭാഗം തകർന്നു. ഇരുമ്പ് പോസ്റ്റ് വളഞ്ഞെങ്കിലും വൈദ്യുതി തകരാർ സംഭവിക്കാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. റോഡ് നിർമ്മാണത്തെ തുടർന്ന് അടുത്തിടെ മാറ്റിസ്ഥാപിച്ച വൈദ്യുതി പോസ്റ്റാണിത്. അപകടത്തെ തുടർന്ന് തടസപ്പെട്ട ഗതാഗതം പുളിക്കീഴ് പൊലീസ് സ്ഥലത്തെത്തി പൂർവസ്ഥിതിയിലാക്കി.