
പത്തനംതിട്ട: 2020 മാർച്ച് എട്ടിലെ പ്രഭാതം നാടിനെ ഭീതിയിലാക്കിയ നിമിഷങ്ങളുടേതായിരുന്നു. സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന് തുടക്കമായിരുന്നു അന്ന്. രണ്ട് വർഷം പിന്നിട്ടപ്പോൾ മഹാമാരിയെ പിടിച്ചുകെട്ടിയ ആശ്വാസത്തിലാണ് നാട്. കൊവിഡിന്റെ മൂന്ന് തരംഗങ്ങളെ അതിജീവിച്ച് ജനജീവിതം സാധാരണ നിലയിലെത്തിയിരിക്കുന്നു. ഒരു സമ്പൂർണ ലോക്ഡൗണും രണ്ടാം ലോക്ഡൗണും കടന്ന് പുതുജീവിതത്തിന്റെ പാത തെളിഞ്ഞു.
സ്കൂളുകളും കോളേജുകളും പൂർണ തോതിൽ തുറന്നു. സർക്കാർ സ്ഥാപനങ്ങളിലെ നിയന്ത്രണങ്ങൾ നീക്കി. പൊതു ഗതാഗത സംവിധാനം പഴയതുപോലെയായി.
ഇറ്റലിയിൽ നിന്നെത്തിയ റാന്നി എെത്തലയിലെ കുടുംബത്തിൽ നിന്നായിരുന്നു കൊവിഡ് വ്യാപനത്തിന്റെ തുടക്കം. മാർച്ച് ഒന്നിന് നാട്ടിലെത്തിയ കുടുംബത്തിലെ അംഗങ്ങൾക്കും അവരുടെ ബന്ധുക്കൾക്കും പനി ലക്ഷണങ്ങൾ കണ്ടെങ്കിലും കൊവിഡ് സ്ഥിരീകരിക്കാൻ മാർച്ച് എട്ട് വരെ കാത്തിരിക്കേണ്ടി വന്നു. അപ്പോഴേക്കും രോഗ ബാധിതർ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ യാത്ര ചെയ്യുകയുണ്ടായി. അവരുടെ സഞ്ചാരപാത തയ്യാറാക്കിയാണ് സമ്പർക്കപ്പട്ടികയിലുണ്ടായിരുന്നവരെ കണ്ടെത്തി നിർബന്ധിത ക്വാറന്റൈനിലാക്കിയത്. രോഗം പകർന്നവർ എന്ന് ഐത്തലയിലെ കുടുംബത്തിന് നേരെ വിമർശനമുയർന്നപ്പോൾ അവരിലുണ്ടാക്കിയ മനോവേദന ചെറുതല്ല. പക്ഷെ, പിന്നാലെ പല രാജ്യങ്ങളിലും കൊവിഡ് അതിതീവ്ര വ്യാപനത്തിലേക്ക് കടന്നു. വിദേശങ്ങളിൽ നിന്ന് ഇന്ത്യയിലെത്തിയ നിരവധിയാളുകൾക്ക് രോഗവും അവരിൽ നിന്ന് രോഗപ്പകർച്ചയുമുണ്ടായി.
രണ്ടാം തരംഗത്തിൽ മരണ സംഖ്യയേറിയത് ആശങ്ക പരത്തുന്നതിനിടെ ജില്ലയിൽ കൊവിഡ് പ്രതിരോധ നടപടികൾക്ക് അന്നത്തെ ജില്ലാ കളക്ടർ പി.ബി നൂഹും മെഡിക്കൽ ഒാഫീസർ ഡോ. എ.എൽ.ഷീജയും ചേർന്ന് പ്രത്യേക ടീമിനെയും കൊവിഡ് പ്രതിരോധ വാളണ്ടിയർമാരെയും നിയമിച്ചു. കൊവിഡ് ആഞ്ഞു വീശിയ മൂന്നാം തരംഗത്തിൽ പ്രതിദിന രോഗികളുടെ എണ്ണം ജില്ലയിൽ മൂവായിരം കടന്നിരുന്നു.
വാക്സിനേഷനിൽ മുന്നിൽ
പ്രതിരോധ വാക്സിനേഷനിൽ ജില്ല മുന്നിലെത്തിയതോടെ കൊവിഡിനെ കൈപ്പിടിയിലാക്കാൻ കഴിഞ്ഞു. നിലവിലുള്ള ജനസംഖ്യയിൽ തൊണ്ണൂറ് ശതമാനവും രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു. പതിനഞ്ച് വയസിന് മുകളിലുള്ള വിദ്യാർത്ഥികളുടെ ആദ്യ ഡോസ് വാക്സിനേഷനും ഏറെക്കുറെ പൂർത്തിയായി.
തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം
ഏഴംകുളം 6
അയിരൂർ 5
മല്ലപ്പളളി 5
പത്തനംതിട്ട 5
വെച്ചൂച്ചിറ 5
ജില്ലയിലെ ആകെ രോഗ ബാധിതർ 264871
'' കൊവിഡ് വ്യാപനം കുറഞ്ഞു വരുന്നത് ആശ്വാസകരമാണ്. എങ്കിലും ജാഗ്രത തുടരണം. മാസ്ക് ഒഴിവാക്കേണ്ട സമയമായിട്ടില്ല.
ആരോഗ്യവകുപ്പ് അധികൃതർ.