ഇലന്തൂർ: പ്രകൃതിയും മനുഷ്യനും ഒന്നാകുന്ന രാവുകളിലേക്ക് നാടിനെ വിളിച്ചിറക്കി ഇലന്തൂരിൽ കാവുണർന്നു. തിങ്കളാഴ്ച രാത്രി ക്ഷേത്ര ചടങ്ങുകൾക്ക് ശേഷം ഭഗവതിക്ക് മുമ്പിലെ വിളക്കിൽ നിന്ന് ക്ഷേത്ര മേൽശാന്തി നാരയണമംഗലത്തില്ലം ഹരികൃഷ്ണൻപോറ്റി ചൂട്ടുകറ്റയിലേക്ക് ദീപം പകർന്നു. പടയണി ആശാൻ ഇട്ടിമാടത്ത് കിഴക്കേതിൽ ദിലീപ് കുമാർ ഏറ്റുവാങ്ങി. കരവാസികൾ ആർപ്പും കുരവയുമായി ക്ഷേത്രത്തിന് വലംവെച്ച് കാവുണർത്തി . കരക്കാർ അനുമതി നൽകിയതോടെ ചൂട്ടുവച്ചു. ഇനിയുമുള്ള മൂന്ന് ദിവസം കാവുണർത്തി പച്ചത്തപ്പിൽ ജീവ കൊട്ടുന്ന ചടങ്ങ് നടക്കും. നാലാം ദിവസം തപ്പ് കാച്ചി കൊട്ടുന്നതോടെ പടയണി ചടങ്ങുകൾക്ക് തുടക്കം കുറിക്കും. തുടർന്ന് കരപ്പുറങ്ങളിൽ ഒരുക്കിയിരിക്കുന്ന കോലപുരകളിൽ നിന്ന് കോലങ്ങളുടെ വരവാകും. ഈ വർഷം കൂട്ടകോലങ്ങളെ കൂടാതെ കര പടയണികൾ നടക്കുന്നുണ്ട്.