uthsav
തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ മൂന്നാം ചുറ്റുവിളക്ക് ഭദ്രദീപ പ്രകാശനം സുരേഷ്‌ഗോപി എം.പി നിർവ്വഹിക്കുന്നു

തിരുവല്ല: ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ദേവന്മാരെ ഗരുഡവാഹനത്തിൽ എഴുന്നെള്ളിച്ചു. മൂന്നാം ഉത്സവമായ ഇന്നലെ കിഴക്കുംമുറി കരയിലെ ചുറ്റുവിളക്ക് ഭദ്രദീപ പ്രകാശനം സുരേഷ്‌ഗോപി എം.പി നിർവഹിച്ചു. സേവ, ശ്രീബലി, ഉത്സവബലി, കാഴ്ചശ്രീബലി, ശ്രീഭൂതബലി എന്നീ എഴുന്നെള്ളത്തുകൾ ആനപ്പുറത്തു നടക്കുന്നതിന് മുമ്പായി ഗരുഡവാഹനത്തിലാണ് നടന്നിരുന്നത്. പ്രത്യേകമായി കല്ലൻ മുളയിൽ തയാറാക്കിയ ഗരുഡവാഹനം 16 പേർ ചേർന്നാണ് ചുമലിലേറ്റിയത്. നാലമ്പലത്തിലെ ഓരോ ഗോപുരത്തിലും കുത്തുകോൽകൊണ്ടു താങ്ങിനിറുത്തിയായിരുന്നു വിശ്രമം. പള്ളിവേട്ട, ആറാട്ട് എന്നീ ചടങ്ങുകളിലും മുൻകാലത്ത് ഈ വാഹനങ്ങളിലായിരുന്നു ഭഗവാൻ എഴുന്നെള്ളിയിരുന്നത്. പ്ലാവിൻതടിയിൽ കൊത്തിയെടുത്തു വെള്ളികൊണ്ടു പൊതിഞ്ഞ ഗരുഡരൂപങ്ങൾ സ്ഥാപിച്ച വാഹനങ്ങളുടെ പിന്നിലായാണ് ഭഗവാന്റെ ശ്രീബലി വിഗ്രഹങ്ങൾ. രണ്ടാം ഉത്സവം മുതൽ ഒൻപതാം ഉത്സവം വരെ ഉത്സവബലിയുണ്ടാകും. ഉത്രശ്രീബലി മഹോത്സവത്തിന് ദേവിമാരുടെ എഴുന്നെള്ളത്തിനാേടനുബന്ധിച്ചുള്ള ചടങ്ങിലും ദേവന്മാർ ഗരുഡവാഹനത്തിലാണ് എഴുന്നെള്ളുന്നത്. നാലാം ഉത്സവദിവസമായ ഇന്ന് രാവിലെ 7ന് നാരായണീയ പാരായണം. 9ന് ഭാഗവത പാരായണം,3ന് ഉത്സവബലി, 5ന് 5.30 മുതൽ സംഗീതാർച്ചന അരങ്ങേറ്റം. 7ന് നടനവർഷിണി, 9.15 മുതൽ കരോക്കെ ഗാനമേള 12ന് കഥകളി.