 
തിരുവല്ല : കുറ്റൂരിൽ മൂന്നംഗ സംഘം നടത്തിയ ആക്രമണത്തിൽ വയോധിക അടക്കം രണ്ട് പേർക്ക് പരിക്കേറ്റു. വീടിനോട് ചേർന്ന് പ്രവർത്തിച്ചിരുന്ന സ്റ്റേഷനറിക്കട അക്രമിസംഘം അടിച്ചു തകർത്തു. ഞായറാഴ്ച രാത്രി 11നാണ് സംഭവം. കുറ്റൂർ പടിഞ്ഞാറ്റോതറ ഐരാതറ വീട്ടിൽ അമ്മിണി സ്റ്റീഫൻ, ഐരാതറ ജേക്കബ് എന്നിവർക്കാണ് പരിക്കേറ്റത്. അമ്മിണിയുടെ മകൻ ഷിബു, മരുമകൾ ഷിനി എന്നിവർക്ക് മർദ്ദനമേറ്റു. ജേക്കബിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് അമ്മിണി തിരുവല്ല പൊലീസിൽ മൊഴി നൽകിയിരിക്കുന്നത്. വീടിനോട് ചേർന്ന് പ്രവർത്തിക്കുന്ന സ്റ്റേഷനറി കടയിലെ അലമാരകൾ അടക്കം ജേക്കബിന്റെ നേതൃത്വത്തിൽ എത്തിയ സംഘം അടിച്ചു തകർത്തു. ആക്രമണം തടയുന്നതിനിടെയാണ് അമ്മിണിയ്ക്കും മകനും മരുമകൾക്കും മർദ്ദനമേറ്റത്. ആക്രമണത്തിൽ സാരമായി പരിക്കേറ്റ അമ്മിണി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ആക്രമണത്തിനിടെയാണ് ജേക്കബിന്റെ തലയ്ക്ക് പരിക്കേറ്റത്. ഇരുകൂട്ടരും നൽകിയ പരാതിയിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തതായി പൊലീസ് പറഞ്ഞു.