ചെങ്ങന്നൂർ: മുളക്കുഴയിൽ കെ റെയിൽ സർവ്വേ കല്ലിടലിനെതിരേയുള്ള പ്രതിഷേധത്തെ തുടർന്ന് റിമാൻഡ് ചെയ്ത സമര സമിതി വനിതാ നേതാവിന് ജാമ്യം അനുവദിച്ചു. മുളക്കുഴ കൊഴുവല്ലൂർ തെക്കേച്ചരുവിൽ സിന്ധു ജയിംസിനാണ് ജ്യുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ശനിയാഴ്ച മൂന്നാം ദിവസത്തെ സമരത്തിൽ കെ-റെയിലിന്റെ അടയാള കല്ല് പിഴുന്നതു തടയാൻ ശ്രമിച്ച പൊലീസിനെ സിന്ധു തടയുകയും കൃത്യനിർവഹണം തടസപ്പെട്ടത്തിയതിനുമാണ് അറസ്റ്റ് ചെയ്തത്. അട്ടക്കുളങ്ങര വനിതാ ജയിലിലേക്കാണ് അയച്ചത്. മൂന്നു ദിവസത്തെ സമരത്തിനിടെ 40 പേരെ കസ്റ്റഡിയിലെടുത്തെങ്കിലും സിന്ധുവിനെ മാത്രമാണ് അറസ്റ്റ് ചെയ്തത്. സമര സ്ഥലത്തും സോഷ്യൽ മീഡിയായിലൂടെയും സിന്ധു ജെയിംസ് മന്ത്രി സജിചെറിയാനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. ഇതാണ് ഇവരെ തിരഞ്ഞെടുപിടിച്ച് അറസ്റ്റു ചെയ്യാൻ കാരണമെന്നാണ് സമരസമിതി നേതാക്കൾ പറയുന്നത്. ജാമ്യം ലഭിച്ചെങ്കിലും ജയിൽ സമയം കഴിഞ്ഞതിനാൽ സിന്ധുവിന് ഇന്നലെ പുറത്തിറങ്ങാൻ കഴിഞ്ഞില്ല. അതേ സമയം ജാമ്യം ലഭിച്ചതു സംബന്ധിച്ച് അറിവില്ലെന്നും സിന്ധുവിനെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കാൻ നിർദ്ദേശമുണ്ടെന്നും ചെങ്ങന്നൂർ ഇൻസ്പെക്ടർ ജോസ് മാത്യു പറഞ്ഞു.