toras
അപകടത്തിൽപ്പെട്ട ടോറസ്

തിരുവല്ല: നിർമ്മാണം പുരോഗമിക്കുന്ന പൊടിയാടി - തിരുവല്ല റോഡിൽ ഇന്നലെ വീണ്ടും അപകടം. ഉണ്ടപ്ലാവ് ജംഗ്ഷന് സമീപം ഇന്നലെ പുലർച്ചെ അഞ്ചരയോടെ ടോറസ് നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറി. അപകടത്തിൽ സ്വകാര്യ പുരയിടത്തിന്റെ മതിലും തകർന്നു. തിരുവല്ല ഭാഗത്തു നിന്നും മെറ്റിൽ കയറ്റി മാവേലിക്കര ഭാഗത്തേക്ക് പോയ ടോറസാണ് അപകടത്തിൽപ്പെട്ടത്. റോഡ് നിർമ്മാണത്തിന്റെ ഭാഗമായി അടുത്തിടെ മാറ്റി സ്ഥാപിച്ച ഇരുമ്പ് പോസ്റ്റ് ടോറസ് ഇടിച്ചുകയറി വളഞ്ഞിട്ടുണ്ട്. പുളിക്കീഴ് പൊലീസ് സ്ഥലത്തെത്തി. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽപ്പെട്ട ടോറസിന്റെ മുൻഭാഗം ഭാഗീകമായി തകർന്നു. ആർക്കും പരിക്കില്ല. തിങ്കളാഴ്ച ഉച്ചയ്ക്കും ഉണ്ടപ്ലാവ് ജംഗ്‌ഷന് സമീപം കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസും നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ചുകയറിയ സംഭവമുണ്ടായിരുന്നു.