a
കൊല്ലപ്പെട്ട എ.പി.ചെറിയാൻ, ഭാര്യ ലില്ലിക്കുട്ടി ചെറിയാൻ എന്നിവർ

മാവേലിക്കര : വെൺമണി ഇരട്ട കൊലക്കേസിൽ ഒന്നാം പ്രതിയ്ക്ക് മാവേലിക്കര അഡീഷണൽ ജില്ലാ കോടതി വധശിക്ഷ വിധിച്ചു. ബംഗ്ലാദേശ് സ്വദേശി ലബിലു ഹസനാണ് (39) അഡിഷണൽ ജില്ലാ കോടതി ജഡ്ജി കെന്നത്ത് ജോർജ്ജ് വധശിക്ഷ വിധിച്ചത്. കേസിലെ രണ്ടാംപ്രതിയും ബംഗ്ളാദേശ് സ്വദേശിയുമായ ജുവൽ ഹസനെ (24) ജീവപര്യന്തം തടവിനും ശിക്ഷിച്ചു.

കോടുകുളഞ്ഞി കരോട് ആഞ്ഞിലിമൂട്ടിൽ വീട്ടിൽ എ.പി.ചെറിയാൻ, ഭാര്യ ലില്ലിക്കുട്ടി ചെറിയാൻ എന്നിവരെ കൊലപ്പെടുത്തി വീട് കവർച്ച ചെയ്ത കേസിലാണ് ശിക്ഷ. കൊലപാതകം, അതിക്രമിച്ചു കയറൽ, കവർച്ച തുടങ്ങി പ്രതികൾക്കെതിരെ ചുമത്തിയിരുന്ന എല്ലാ കുറ്റങ്ങളും സംശയാതീതമായി തെളിഞ്ഞതായി കോടതി പറഞ്ഞു.

രണ്ടാം പ്രതിയുടെ പ്രായം പരിഗണിച്ചാണ് വധശിക്ഷയിൽ നിന്ന് ഒഴിവാക്കിയത്. ഈ കൊലപാതകം വീടുകളിൽ ഒറ്റയ്ക്ക് കഴിയുന്ന വയോധികരിൽ ഭയം ഉയർത്തിയിരുന്നെന്നും അവർക്ക് ആത്മവിശ്വാസം പകരുന്ന വിധി പ്രഖ്യാപിച്ച് സമൂഹത്തിന് താക്കീത് നൽകുകയാണെന്നും കോടതി വിധിന്യായത്തിൽ കൂട്ടിച്ചേർത്തു.

2019 നവംബർ 11നായിരുന്നു കേസിനാസ്പദമായ സംഭവം. ദമ്പതികളുടെ വീട്ടിൽ ജോലിക്കെത്തിയ പ്രതികൾ വീട്ടിൽ സ്വർണം ഉണ്ടെന്ന് മനസിലാക്കിയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. കൊലപാതകത്തിന് ശേഷം 45 പവൻ സ്വർണാഭരണവും 17,338 രൂപയും അപഹരിച്ച ശേഷം കടന്ന പ്രതികളെ നവംബർ 13ന് വിശാഖപട്ടണം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. 2021 നവംബർ 1ന് ആരംഭിച്ച വിചാരണ 2022 ഫെബ്രുവരി 25നാണ് പൂർത്തിയായത്. മാർച്ച് 2ന് പ്രതി​കൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുകയും 4ന് ശിക്ഷ സംബന്ധിച്ച് വാദം കേൾക്കുകയും ചെയ്തിരുന്നു.

കേസിൽ 60 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 103 തൊണ്ടിമുതലും 80 രേഖകളും ഹാജരാക്കി. വിശാഖപട്ടണം ആർ.പി.എഫിലെ 5 പേരും ആന്ധ്രാദേശ്, ബംഗാൾ, അസാം, പുതുച്ചേരി സംസ്ഥാനക്കാരും സാക്ഷികളായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്.സോളമൻ, സരുൺ.കെ.ഇടുക്കുള എന്നിവർ ഹാജരായി.