ചെങ്ങന്നൂർ: പാണ്ടനാട് സ്വാമി വിവേകാനന്ദാ ഹയർ സെക്കൻഡറി സ്‌കൂളിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് 10ന് തുടക്കം കുറിക്കും. അന്നേ ദിവസം വൈകിട്ട് 3ന് നടക്കുന്ന സമ്മേളനവും ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും. മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷത വഹിക്കും. ഹയർ സെക്കൻഡറി കെട്ടിടങ്ങളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും. മുഖ്യ പ്രഭാഷണവും മഹാത്മാഗാന്ധി പ്രതിമയുടെ അനാശ്ചാദനവും കൊടിക്കുന്നിൽ സുരേഷ് എം.പി നിർവഹിക്കും. തിരുവല്ല ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നിർവിണാനന്ദ വിവേകാനന്ദ പ്രതിമ അനാശ്ചാദനം ചെയ്യും. ഫാ.അലക്സാണ്ടർ കൂടാരത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തും. സിനിമാതാരം അജു വർഗീസ് കലാക്ഷേത്ര ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ മുൻ മാനേജർ വി.എസ് ഉണ്ണികൃഷ്ണപിളള, മുൻ പ്രസിഡന്റ് ടി.കെ ചന്ദ്രചൂടൻ, പി.എസ് ഗോപിനാഥൻ നായർ, ആർട്ടിസ്റ്റ് രഘു ആനന്ദൻ, ശ്രീകുമാർ പ്രണവം, സായിഷ് വേണാട് എന്നിവരെ ആദരിക്കും. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിബിൻ പി.വർഗീസ്, പാണ്ടനാട് പഞ്ചായത്ത് പ്രസിഡന്റ് ആശാവി.നായർ, ആലപ്പുഴ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ വത്സലാ മോഹൻ, സ്ക്കൂൾ മാനേജർ രാജൻ മൂലവീട്ടിൽ, ആർ.രാജേഷ് തുടങ്ങി രാഷ്ട്രിയ, സാമൂഹിക, സാംസ്ക്കാരിക, വിദ്യാഭ്യാസ രംഗങ്ങളിലെ പ്രമുഖർ സംസാരിക്കും. സമ്മേളനത്തിന് മുന്നോടിയായി ഉച്ചയ്ക്ക് 2.45ന് സാംസ്ക്കാരിക ഘോഷയാത്ര നടക്കും. വൈകിട്ട് ജയരാജ് വാര്യർ അവതരിപ്പിക്കുന്ന കാരിക്കേച്ചർ ഷോയും 6ന് കലാമണ്ഡലം രേഖാ രാമകൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന നൃത്തവിരുന്നും നടക്കുമെന്ന് പത്രസമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ രാജൻ മൂലവീട്ടിൽ, വർക്കിംഗ് ചെയർമാൻ പി.എസ് മോഹൻ കുമാർ, ജനറൽ കൺവീന അഡ്വ. സി. ജയചന്ദ്രൻ, ട്രഷറാർ ജി കൃഷ്ണകുമാർ എന്നിവർ അറിയിച്ചു.