
അടൂർ : താളമേളങ്ങളും വായ്ത്താരികളും ഭക്തിസാന്ദ്രമാക്കിയ അന്തരീക്ഷത്തിൽ ഏഴംകുളം ദേവീക്ഷേത്രത്തിലെ തൂക്കവഴിപാടിന് തുടക്കമായി. ഇന്നലെ പുലർച്ചെ നടന്ന ആലുവിളക്ക് എഴുന്നെള്ളത്തിന് ശേഷമായിരുന്നു തൂക്കവഴിപാട്. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധികൾ മാറിയതോടെ തൂക്കവഴിപാടിന് ഇക്കുറി തിരക്കേറെയായിരുന്നു. ഇന്നലെ 6 മണിയോടെ ഉൗരാൺമ തൂക്കത്തോടെയാണ് വഴിപാട് തൂക്കങ്ങൾക്ക് തുടക്കമായത്. ഏഴംകുളം തെക്ക്, ഏഴംകുളം വടക്ക്, അറുകാലിക്കൽ കിഴക്ക്, അറുകാലിക്കൽ പടിഞ്ഞാറ്, നെടുമൺ, പറക്കോട് തെക്ക്, പറക്കോട് വടക്ക് ഇടയിലേമുറി, മങ്ങാട്, ചെറുകുന്നത്ത് എന്നീ കരമുറപ്രകാരമാണ് തൂക്കവഴിപാട് നടക്കുന്നത്. ഇക്കുറി 538 വഴിപാട് തൂക്കങ്ങളാണുള്ളത്. ഇതിൽ 17 എണ്ണം കന്നിതൂക്കക്കാരാണ്. ചമയമുറിയിൽ എത്തിയ തൂക്കക്കാരുടെ മുഖത്ത് ഞാറുവാലേത്ത് ജി. ജയകുമാറും വട്ടയ്ക്കാട്ട് വീട്ടിൽ ആർ. ജയകുമാറും ചേർന്ന് അരിമാവുകൊണ്ട് ചുട്ടികുത്തി. ചുവന്നപട്ട് ഞൊറിഞ്ഞുടുത്ത് പച്ചത്തുണിയിൽ ചുട്ടിത്തോർത്ത് ചേർത്ത് പിരിഞ്ഞുണ്ടാക്കിയ തലപ്പാവുമണിയിച്ചു. ചുവന്ന് പട്ടിന് മുകളിലായുള്ള ഉടുത്തുകെട്ടിന്ന് നേര്യത് ഞൊറിയിച്ച് വെള്ളിയിൽ നിർമ്മിച്ച കച്ചപ്പുറം അരയിൽ മുറുക്കി സ്വർണ്ണാഭരണങ്ങളും അണിയിച്ച ശേഷം തൂക്കക്കാർ ക്ഷേത്രത്തിലെത്തി ദേവിയെ വണങ്ങി. മേൽശാന്തി നൽകിയ കളഭം നെറ്റിയിലണിഞ്ഞ് തൂക്കാശാൻമാർക്ക് ദക്ഷിണനൽകി തൂക്കവില്ലിന് മുന്നിലെത്തിയതോടെ ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന് തൂക്കക്കാരുടെ മുതുകിൽ വാഴുവേലി ബിജു ചൂണ്ടകൊരുത്തു താങ്ങുമുണ്ടാൽ തൂക്കവില്ലിനോട് ബന്ധിച്ചതോടെ തപ്പുമേളമുയർന്നു. കരക്കാരും വഴിപാടുകാരും ചേർന്ന് തൂക്ക് വില്ല് ഉയർത്തിയതോടെ ആശാന്റെ വായ്ത്താരിക്കും താളമേളങ്ങൾക്കുമനുസൃതമായി ഇടംകയ്യിൽ വില്ലും വലംകയ്യിൽ വാളുംമേന്തി അന്തരീക്ഷത്തിൽ പയറ്റുമുറകൾ കാട്ടി. തൂക്കവില്ല് ക്ഷേത്രത്തിന് ഒരുവലംവച്ച് നടയ്ക്ക് മുന്നിലെത്തി, തൂക്കുവില്ലിൽ നിന്നിറങ്ങിയ തൂക്കക്കാർ വീണ്ടും ഒരുവലത്തുകൂടി വച്ചു. തുടർന്ന് വഴിപാട് തൂക്കങ്ങൾക്ക് തുടക്കമായി. തൂക്കവഴിപാട് ഇന്ന് രാത്രിവരെ നീണ്ടുനിൽക്കും.