പത്തനംതിട്ട : ഓമല്ലൂർ വയൽവാണിഭത്തിന്റെ കന്നുകാലിച്ചന്തയിലെത്തുന്ന കന്നുകാലികളിൽ മികച്ചവയ്ക്ക് കാഷ് പ്രൈസ് നൽകാൻ വയൽവാണിഭ ആഘോഷ കമ്മിറ്റി തീരുമാനിച്ചു. മികച്ച കറവപ്പശു, കാള, പോത്ത്, ആട്, എരുമ എന്നീ വിഭാഗങ്ങൾക്കാണ് പ്രൈസ് നൽകുന്നത് . കന്നുകാലികളെയുംകൊണ്ട് കർഷകർക്ക് 15ന് രാവിലെ മുതൽ എത്താമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാൽ, ജനറൽ കൺവീനർ ബൈജു ഓമല്ലൂർ എന്നിവർ പറഞ്ഞു.
വയൽവാണിഭത്തിന് ആദ്യമായാണ് വ്യക്തികൾ വീടുകളിൽ പരിപാലിക്കുന്ന വളർത്തുനായ്ക്കളുടെ പ്രദർശന മത്സരം സംഘടിപ്പിക്കുന്നത്. ഉടമസ്ഥർ നായ്ക്കളെയും കൊണ്ട് 16 ന് വൈകിട്ട് 3.30 മുതൽ എത്തണമെന്ന് പ്രോഗ്രാം കമ്മിറ്റി കൺവീനർ സജയൻ ഓമല്ലൂർ പറഞ്ഞു. നായ്ക്കൾക്ക് പേവിഷബാധക്കെതിരെയുള്ള സൗജന്യ കുത്തിവയ്പ്പും അവിടെ ലഭിക്കും
വയൽവാണിഭത്തോടനുബന്ധിച്ച് വയൽമേളവും കവിയരങ്ങും അന്ന് വൈകിട്ട് 5 മുതൽ നടക്കും. ഭാഷാദ്ധ്യാപക സമന്വയ വേദിയുടെ സഹകരണത്തോടെ നടക്കുന്ന കവിയരങ്ങ് ഗാന രചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മയും, വയൽ മേളം നാട്ടുകൂട്ടം അഡ്വ.സുരേഷ് സോമയും ഉദ്ഘാടനം ചെയ്യുമെന്ന് കൺവീനർമാരായ അഭിലാഷ് ഓമല്ലൂർ, സുബിൻ തോമസ് എന്നിവർ അറിയിച്ചു.